മധ്യനിരയ്‌ക്ക് കരുത്തേകാന്‍ സെനഗല്‍ താരം മുഹമ്മദ് മുസ്‌തഫ നിങ്ങിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. മുപ്പതുകാരനായ മുസ്‌തഫ നിങ് വരുന്ന ഐ.എസ്.എല്‍ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സെന്‍ട്രല്‍ മിഡ്‌ഫീല്‍ഡര്‍ സ്ഥാനത്ത് കളിക്കും.
ഇതോടെ ഐ.എസ്.എല്‍ പുതിയ സീസണിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് കരാറിലെത്തിയ വിദേശ താരങ്ങളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തിരുത്തുകയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം.
ലെയ്‌ഡ എസ്‌പോര്‍ട്ടിയു, സി.ഡി എബ്രോ, എസ്.ഡി അമോറെബീറ്റ, സി.ഡി സരിനേന, യു.ഡി ലോഗ്രോണ്‍സ്, അന്‍ഡോറ സി.എഫ്, എസ്.ഡി ഇജിയാ എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള മുസ്‌തഫ നിങ് 184 സെന്റീമീറ്റര്‍ ഉയരക്കാരനാണ്.
മിഡ്‌ഫീല്‍ഡ് നിരയില്‍ മികച്ച നീക്കങ്ങള്‍ നടത്താന്‍ സാധിക്കുന്ന മുസ്‌തഫയെ പോലെയൊരു കളിക്കാരനെ ലഭിച്ചതില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇല്‍ക്കോ ഷട്ടോരെ അഭിപ്രായപ്പെട്ടു. പരസ്‌പര സഹകരണത്തോടെ ടീമിനെ മുന്നോട്ടു പോകാന്‍ പരിശ്രമിക്കുന്ന മുസ്‌തഫയെപ്പോലുള്ള കളിക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ടെന്ന് മുസ്‌തഫ നിങ്ങും പ്രതികരിച്ചു. ടീമിനായി കളിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് കൂടുതലറിയാനും കേരളത്തിന്റെ അതിശയകരമായ സംസ്‌കാരം കണ്ടെത്താനുമായും ഈ അവസരത്തെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.