കുമളി: പരമാവധി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142ല്‍ എത്തിക്കുമെന്നാണ് തമിഴ്നാടിന്റെ നിലപാട്. ഉപസമിതി യോഗത്തിലാണ് തമിഴ്നാട് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. നിലവില്‍ 133 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
142 അടിയില്‍ എത്തിയാല്‍ സ്‌പില്‍വേയിലെ ഷട്ടറുകള്‍ തുറക്കുമെന്നും താഴ്വരയിലെ ജനത്തിന്റെ സുരക്ഷിതത്വം നോക്കേണ്ടത് കേരളമാണെന്നും തമിഴ്നാട് വ്യക്തമാക്കി. സെക്കന്റില്‍ 6,000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം, വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തില്‍ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുമെന്നാണ് പ്രതീക്ഷ.
ജലനിരപ്പ് അനുവദനീയമായ 142 അടിയിലേക്കും തുടര്‍ന്ന് സുപ്രീം കോടതിയുടെ അനുമതിയോടെ 152 അടിയിലേക്കും ഉയര്‍ത്തുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. 142 അടി ജലം സംഭരിച്ചാലും അണക്കെട്ടിന് തകരാറുണ്ടാകില്ലെന്നു സ്ഥാപിക്കാനുള്ള നീക്കമാണു തമിഴ്‌നാടിന്റേത്. 2014 മേയ് ഏഴിനാണ് ജലനിരപ്പ് 142 ആക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.