ദില്ലി/തിരുവനന്തപുരം: കെ പി സി സി പ്രസിഡണ്ടായി മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു. ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് കേരളത്തിലെ കോണ്‍ഗ്രസിന് അമരക്കാരനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി എത്തുന്നത്. കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ടുമാരായി കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, എം ഐ ഷാനവാസ് എന്നിവരെ തിരഞ്ഞെടുത്തു. ബെന്നി ബഹനാന്‍ യു ഡി എഫ് കണ്‍വീനറാകും. കെ മുരളീധരന്‍ എം എല്‍ എയാണ് പ്രചാരണ സമിതി അധ്യക്ഷന്‍.
കേരളത്തിലെ എംപിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരുമായി നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധി കെ പി സി സി പ്രസിഡണ്ട് ആരാകണമെന്ന തീരുമാനത്തിലെത്തിയത്. കെ പി സി സി ഭാരവാഹിപ്പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കരുതുന്നു. എം എം ഹസന് പകരക്കാരനായിട്ടാണ് 73 കാരനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അമരക്കാരനാകുന്നത്. 2009 മുതല്‍ വടകരയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമാണ്.