നീലക്കുറിഞ്ഞിവസന്തത്തിന്റെ ആഹ്ലാദകരമായ വരവറിയിച്ച് മൂന്നാര്‍ മലനിരകള്‍ പൂത്തുലയുമ്ബോള്‍ എട്ടുലക്ഷത്തിലേറെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ്. ജൂലൈ-ഒക്ടോബര്‍ മാസങ്ങളാണ് നീലക്കുറിഞ്ഞി സീസണായി കണക്കാക്കുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മൂന്നാറില്‍ നീലക്കുറിഞ്ഞി സീസണ്‍ വീണ്ടുമെത്തുന്നത്. സീസണ്‍ അടുക്കുന്നതോടെ മലമടക്കുകള്‍ മുഴുവന്‍ നീലിമ ചാര്‍ത്തി മനോഹരമായ കുറിഞ്ഞിപ്പൂക്കള്‍കൊണ്ട് മൂടും.
കുറിഞ്ഞി എന്ന് തദ്ദേശീയര്‍ വിളിക്കുന്ന പൂവിന് നീലക്കുറിഞ്ഞി എന്ന പേര് കിട്ടുന്നത് അതിന്റെ മനോഹരമായ നീല നിറത്തില്‍നിന്നാണ്.സ്ട്രോബിലാന്തസ് കുന്‍തിയാന എന്ന് ശാസ്ത്രീയ നാമമുള്ള നീലക്കുറിഞ്ഞിച്ചെടികളെ പശ്ചിമഘട്ട മലനിരകളില്‍ ഉടനീളം കാണാനാകും.
ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ ഒരിക്കല്‍മാത്രമേ പൂവിടൂ എന്നതാണ് കുറിഞ്ഞിയുടെ പ്രത്യേകത. 2006ലായിരുന്നു ഈ പ്രകൃതിവിസ്മയം അവസാനമായി ദര്‍ശിക്കുന്നത്. രാജ്യത്ത് ഇതേവരെ കണ്ടെത്തിയ 46 ഇനം സ്ട്രോബിലാന്തസുകളില്‍ ഭൂരിഭാഗവും മൂന്നാര്‍ മലനിരകളില്‍ വളരുന്നുണ്ട്. ജൂലൈയില്‍ തുടങ്ങുന്ന നീലക്കുറിഞ്ഞി സീസണ്‍ തുടര്‍ന്നുള്ള മൂന്നുമാസംകൂടി നീളും.
6,28,427 ടൂറിസ്റ്റുകളാണ് 2017ല്‍ മൂന്നാറില്‍ എത്തിയത്. 2016ല്‍ എത്തിയ 4,67,881 ടൂറിസ്റ്റുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്ബോള്‍ പോയവര്‍ഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ 34.31 ശതമാനത്തിന്റെ വര്‍ധനയുണ്ട്. ഈവര്‍ഷം 79 ശതമാനം അധികവളര്‍ച്ചയാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.സഞ്ചാരികളുടെ വലിയ തോതിലുള്ള ഒഴുക്ക് പ്രതീക്ഷിക്കുന്ന ഇത്തവണത്തെ സീസണ്‍ കണക്കിലെടുത്ത് ട്രക്കിങ‌് ഉള്‍പ്പെടെയുള്ള അഡ്വഞ്ചര്‍ ഇനങ്ങളുമായി ടൂര്‍ ഓപ്പറേറ്റര്‍മാരും അഡ്വഞ്ചര്‍ ക്ലബുകളും തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു