കമ്യൂണിസ്റ്റുകാരുടെ ശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അനുഭാവിയുടെ മകനായി പിറന്ന വി. മുരളീധരന്റെ ജന്മനിയോഗം കേരളത്തില്‍ ബിജെപിയെ വളര്‍ത്തുക എന്നതായിരുന്നു. ഈ നിയോഗം കൃത്യമായി നടപ്പാക്കിയതിന്റെ അംഗീകാരമാണ് എംപി സ്ഥാനവും ഇപ്പോള്‍ തേടിയെത്തിയിരിക്കുന്ന കേന്ദ്രമന്ത്രി പദവിയും.
ഒന്നുമല്ലാതിരുന്ന ഒരു പാര്‍ട്ടിയെ തിരഞ്ഞെടുപ്പു ഗോദകളില്‍ കരുത്തുറ്റ എതിരാളിയാക്കാന്‍ പാര്‍ട്ടി അധ്യക്ഷപദവിയില്‍ മുരളീധരന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നിട്ടുണ്ട്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 45 ദിവസം കാല്‍നട യാത്ര നടത്തി ബിജെപിക്കു ബൂത്ത് കമ്മിറ്റി ഉണ്ടാക്കിയ മുരളീധരന്‍, കേരളത്തിലും ബിജെപിക്കു മേല്‍വിലാസമുണ്ടാക്കിയ ശേഷമാണ് സംസ്ഥാന അധ്യക്ഷ പദവി കുമ്മനം രാജശേഖരനു കൈമാറിയത്.
മികച്ച സംഘാടകന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയ അധ്യക്ഷന്റെയും ആര്‍എസ്‌എസ് നേതൃത്വത്തിന്റെയും വിശ്വസ്‌തനാണ് മുരളീധരന്‍. സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര നേതൃത്വത്തില്‍ മുരളീധരന്‍ പദവി ഉറപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ കഴിവു തെളിയിച്ച മുരളീധരനെ ജനപ്രതിനിധി എന്ന നിലയില്‍ പുതിയ നിയോഗം ഏല്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ബിജെപിക്കു ജയിപ്പിക്കാന്‍ കഴിയുന്ന രാജ്യസഭ സീറ്റിനായുള്ള കാത്തിരിപ്പിനൊടുവില്‍ മഹാരാഷ്ട്രയില്‍ നിന്നു മുരളീധരന്‍ എതിരില്ലാതെ എംപിയായി.
തലശേരി സ്വദേശിയായ മുരളീധരന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ നേടി. ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പിഎസ് സി നിയമനം ലഭിച്ചു. എബിവിപിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്കു മാറ്റി.
എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംബൈയിലും മുരളീധരന്‍ പ്രവര്‍ത്തിച്ചു. ആ പഴയ തട്ടകത്തില്‍ നിന്നാണ് ആദ്യമായി എംപി സ്ഥാനം അദ്ദേഹത്തെ തേടിയെത്തുന്നത്. 1998ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവ കേന്ദ്രയുടെ വൈസ് ചെയര്‍മാനും പിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി. 13 വര്‍ഷം ആര്‍എസ്‌എസ് പ്രചാരകനായിരുന്നു.
2004ല്‍ ബിജെപിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്‌ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റുമായി. ചേളന്നൂര്‍ എസ്‌എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.