• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മുത്തൂറ്റ്‌ പോള്‍ എം ജോര്‍ജ്‌ വധം: എട്ട്‌ പ്രതികളെ വെറുതെ വിട്ടു

വ്യവസായി പോള്‍ എം ജോര്‍ജ്‌ മുത്തൂറ്റിനെ റോഡിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികള്‍ക്ക്‌ തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി വിധിച്ചിരുന്ന ജീവപര്യന്തം തടവ്‌ ശിക്ഷ റദ്ദാക്കിക്കൊണ്ടാണ്‌ ഹൈക്കോടതി ഉത്തരവ്‌. കേസിലെ കൊലക്കുറ്റവും റദ്ദാക്കിയിട്ടുണ്ട്‌.

ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്‌, അഞ്ചാം പ്രതി ആകാശ്‌ ശശിധരന്‍, ആറാം പ്രതി സതീശ്‌ കുമാര്‍, ഏഴാം പ്രതി രാജീവ്‌ കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരെയാണ്‌ വെറുതെവിട്ടത്‌. കൊലപാതകത്തിനായുള്ള ഗൂഢാലോചന, സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ നിലനില്‍ക്കുമെങ്കിലും ഈ ശിക്ഷയുടെ കാലാവധി പ്രതികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ എട്ട്‌ പേര്‍ക്കും പുറത്തിറങ്ങാം. രണ്ടാം പ്രതി കാരി സതീശ്‌ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാതിരുന്നതിനാല്‍ ഇയാളുടെ ശിക്ഷ റദ്ദാക്കിയിട്ടില്ല. കേസിലെ ഒമ്പതാം പ്രതിയെ എല്ലാ ശിക്ഷകളില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്‌.

2009 ആഗസ്റ്റ്‌ 21 ന്‌ രാത്രിയാണ്‌ നെടുമുടി പൊങ്ങയില്‍ വച്ച്‌ പോള്‍ എം ജോര്‍ജിനെ വെട്ടിക്കൊന്നത്‌. 14 പേര്‍ പ്രതികളായ കേസില്‍ തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി ഒമ്പത്‌ പേര്‍ക്ക്‌ ജീവപര്യന്തം തടവും നാല്‌ പേര്‍ക്ക്‌ മൂന്ന്‌ വര്‍ഷം കഠിന തടവുമാണ്‌ വിധിച്ചിരുന്നത്‌.
 

Top