റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് ശബ്ദാധിഷ്‌ഠിത മ്യൂച്വല്‍ ഫണ്ട് സേവനം അവതരിപ്പിച്ചിരിക്കുകയാണ്. റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് ഗൂഗിളുമായി ചേര്‍ന്നാണ് സേവനം ലഭ്യമാക്കുന്നത്. റിലയന്‍സ് മ്യൂച്വല്‍ ഫണ്ടിന്റെ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ സ്‌മാര്‍ട്‌ഫോണില്‍ ശബ്ദ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഫണ്ടുകളില്‍ നിക്ഷേപിക്കാനും ഫണ്ട് വാല്യു അറിയാനും പിന്‍വലിക്കാനും കഴിയും.
ഇന്ത്യയില്‍ ഇത് ആദ്യമായാണ് ശബ്ദ നിര്‍ദ്ദേശങ്ങള്‍ വഴി മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ നടത്തുന്ന സേവനം അവതരിപ്പിക്കുന്നത്. സ്‌മാര്‍ട് ഫോണ്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ ഡിവൈസിലൂടെ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഉപഭോക്താക്കായി റിലയന്‍സ് സിംപ്ലി സേവ് ആപ്പിലാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള എല്ലാ നിക്ഷേപകര്‍ക്കും ലഭ്യമാകുന്നതിനായി ക്രമേണ ഗൂഗിള്‍ അസിസ്റ്റന്റ് പ്ലാറ്റ് ഫോമിലും അവതരിപ്പിക്കും.
ഫണ്ട് ഹൗസിന്റെ വെബ്‌സൈറ്റിലൂടെ അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് ഫണ്ടില്‍ പണം നിക്ഷേപിക്കുക, പോര്‍ട്‌ഫോളിയോയുടെ മൂല്യം അന്വേഷിക്കുക, ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കുക എന്നീ മൂന്ന് ഇടപാടുകളാണ് നിക്ഷേപകര്‍ക്ക് ചെയ്യാന്‍ കഴിയുക.