'ചലച്ചിത്ര പ്രക്രിയ ഡോക്ടറുടെ ചികില്‍സ പോലെയാണ്. ഡോക്ടര്‍ സ്ത്രീയായാലും പുരുഷനായാലും ചികില്‍സ നന്നായാല്‍ മതി' എന്ന് പറഞ്ഞ ഫ്രഞ്ച് സംവിധായിക കാതറിന് കോര്‍സിനിയുടെ വാക്കുകളെ അനുകൂലിച്ചു കൊണ്ട് വര്‍ത്തമാനകാല സിനിമയില്‍ സിനിമയുടെ പുരുഷ കേന്ദ്രീകൃത മേഖലയായ സംവിധാന രംഗത്തേക്ക് സ്ത്രീകള്‍ ആഗോളവ്യാപകമായി കൂട്ടത്തോടെ കടന്നുവരുന്ന പ്രവണത കണ്ട് വരുന്നുണ്ട്. ഇതൊരു അനിവാര്യമായ മാറ്റമാണ്. രേവതി, ഗീതു മോഹന്ദാസ്, അഞ്ജലി മേനോനന്‍, വിധു വിന്‍സന്‍റ് എന്നിവര്‍ സംവിധാന രംഗത്തെ ഊര്‍ജവതികളായ സ്ത്രീകളാണ്. അവിടേക്കാണ് ജയും താരയും തമ്മിലുള്ള പ്രണയം പറഞ്ഞു കൊണ്ട് റോഷ്നി ദിനകര്‍ എന്ന നവാഗത സംവിധായക കൂടി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.
ഒരു സ്ത്രീ സംവിധായികയാകുന്നു. 'എന്ന് നിന്‍റെ മൊയ്തീന്‍' എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷ പൃഥ്വിരാജ്-പാര്‍വതി തിരുവോത്ത് എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു. പോര്‍ച്ചുഗീസിലെ ചിത്രീകരണം എന്നിങ്ങനെ വന്‍ പ്രതീക്ഷകളും വന്‍ പ്രത്യേകതകളും തന്നു കൊണ്ട് തന്നെയാണ് ചിത്രം തീയേറ്ററില്‍ എത്തിയത്. താര ഒരു കാലഘട്ടത്തിലെ മലയാള സിനിമാ വെള്ളിത്തിരയിലെ സ്വപ്നനായികയാണ്. എന്നാല്‍, ജയ് അങ്ങനെയല്ല, അയാള്‍ സിനിമ സ്വപ്നം കാണുന്നവനാണ്. സിനിമക്കുള്ള ശ്രമങ്ങള്‍ നടത്തുന്നവനാണ്. അങ്ങനെ ജയ് എന്ന പുതുമുഖനായകനും താര എന്ന താരമൂല്യമുള്ള സൂപ്പര്‍ നായികയും വില്യം സംവിധാനം ചെയ്യുന്ന 'അനുയാത്ര' എന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുകയും പ്രസ്തുത സിനിമയുടെ ഷൂട്ടിങ്ങിനായി പോര്‍ച്ചുഗലിലേക്ക് പോകുകയും ചെയ്യുന്നു.
പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ ജീവിക്കുന്ന ഡേവിഡ് താരയുടെ പ്രതിശ്രുത വരനുമാണ്, ഈ സിനിമയുടെ നിര്‍മ്മാതാവുമാണ്. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പ്രണയം ഇവരുടെ ജീവിതത്തില്‍ കൊണ്ടു വരുന്ന വഴിതിരിവുകളും അതവരുടെ ജീവിതത്തില്‍ സ്വാധീനിക്കുന്ന തലങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് വനിതാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി ഒരു സംഘടന രൂപീകരിക്കുന്നു. സ്ത്രീ പ്രവര്‍ത്തകര്‍ ഒറ്റയായും കൂട്ടമായും ചേര്‍ന്ന് തങ്കളുടെ ശബ്‌ദം ഉറച്ച വിധത്തില്‍ തന്നെ അറിയിക്കുന്നു. അത്തരമൊരു മേഖലയിലേക്കാണ് നവാഗത സംവിധായകയും കോസ്റ്റൂം ഡിസൈനര്‍ എന്ന നിലയില്‍ പേരെടുത്തതുമായ രോഷ്നി ദിനകര്‍ തന്‍റെ പ്രാതിനിധ്യം അറിയിച്ചു കൊണ്ട് കടന്നു വരുന്നത് എന്നത് തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്.
പക്ഷെ നിരവധി സിനിമകളില്‍ പറഞ്ഞു മടുത്ത ആവര്‍ത്തനങ്ങളുടെ വിരസതകളെ യൂറോപ്പിലേക്ക് കയറ്റിവിട്ട് പുതുമകള്‍ നല്‍കാന്‍ ശ്രമിച്ചാല്‍ വലിയ മാറ്റം ഒന്നും സംഭവിക്കില്ല എന്നതിന്‍റെ വലിയൊരു ഉദാഹരണം കൂടിയാണ് 'മൈ സ്റ്റോറി'. വെള്ളിത്തിരയിലെ താരമായ ജയ് അഭ്രപാളിയിലെ തന്‍റെ നടന വൈഭവത്താല്‍ പ്രേക്ഷകപ്രീതി നേടികൊണ്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. പക്ഷെ അയാള്‍ ജീവിതത്തില്‍ പൂര്‍ണ്ണ തൃപ്തനല്ല. അങ്ങനെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ജയ് പറയുന്ന തന്‍റെയും താരയുടെയും സ്റ്റോറിയാണ് മൈ സ്റ്റോറി. ഒരു ദിവസം തന്‍റെ ഷൂട്ടിങ്ങുകള്‍ ഒക്കെ മാറ്റിവെച്ച് തന്‍റെ ആദ്യ സിനിമയുടെ ലൊക്കേഷനായ പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബനിലേക്ക് പറക്കാന്‍ തീരുമാനിക്കുന്നു അയാള്‍. ആ യാത്രക്കിടയില്‍ ആണ് അയാളുടെ വര്‍ത്തമാനകാലവും ഭൂതകാലവും ഇടകലര്‍ത്തി രണ്ട് ജീവിതഘട്ടങ്ങളിലൂടെ നോണ്‍ ലീനിയറായാണ് സംവിധായിക കഥപറഞ്ഞു പോകുന്നത്.
കൃത്യതയില്ലാത്ത എഡിറ്റിങ്ങ് മൂലം ഇതില്‍ വര്‍ത്തമാനം ഏത് ഭൂതകാലം ഏതെന്ന് തിരിച്ചറിയാന്‍ തീയേറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകന് മുന്‍പില്‍ ഒറ്റ ഉപാധിയെ ഉള്ളൂ, ജയ് എന്ന പൃഥ്വിരാജിന്‍റെ നരച്ച തലമുടികള്‍. അതും കൂടി ഇല്ലായിരുന്നെങ്കില്‍ പ്രേക്ഷകന്‍ മൊത്തത്തില്‍ വെള്ളം കുടിച്ചേനെ. വാസ്തവത്തില്‍ അയാളുടെ ആ പോര്‍ച്ചുഗല്ലിലേക്കുള്ള വരവിനു പുറകില്‍ ഒരൊറ്റ ഉദ്ദേശമേ ഉള്ളു. തന്‍റെ ആദ്യ സിനിമയിലെ നായികയും പ്രണയിനിയുമായ താരയെ കാണുക എന്നത് തന്നെ. അങ്ങനെ കഥ വലിച്ചും ഇഴച്ചും പറഞ്ഞു പോകുമ്ബോള്‍ ചിലപ്പോഴൊക്കെ ശങ്കര്‍ രാമകൃഷ്ണന്‍റെ ഡയലോഗുകള്‍ കൈയടി നേടിയും ചിലപ്പോഴൊക്കെ മേലോ ഡ്രാമയില്‍ ചുറ്റിപ്പറ്റിയും പ്രേക്ഷകരെ സാമാന്യം മടുപ്പിച്ചു.
കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ നടി പാര്‍വതി വലിയ തരത്തില്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍ തന്നെ മൈ സ്റ്റോറിയിലും ചില ഒളിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധതകള്‍ ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ പ്രകടമാണ് എന്നത് മറ്റൊരു സത്യം. പ്രതിശ്രുത വരനായ ഡേവിഡ് താരയെ, അവളുടെ അനിഷ്ടത്തോടെ അവള്‍ക്ക് മേല്‍ സ്ഥാപിക്കുന്ന ആധിപത്യം, കഥാപാത്രങ്ങള്‍ നല്‍കുന്ന വിശ്വാസവഞ്ചന തുടങ്ങി അവളുടെ വ്യക്തിത്വത്തിന് മേല്‍ നല്‍കുന്ന സകലമാന അടിച്ചേല്‍പികകള്‍ക്കും മുന്‍പില്‍ നിശബദ്ധയാകുന്ന താരയെന്ന സര്‍വം സഹയായ നായികയിലും അവള്‍ക്കോടോപ്പമുള്ള കഥാപാത്രങ്ങളിലും എല്ലാം സ്ത്രീ വിരുദ്ധത പ്രകടമാണ്. കഥകളിലെ ആവര്ത്തനവിരസത കൊണ്ട് വിദേശ ലൊക്കേഷനുകള്‍ കാണാനുള്ള അവസരം ഒരുക്കിയ മൈ സ്റ്റോറിയെ രക്ഷിച്ച് നിര്‍ത്തുന്ന ഒന്നോ രണ്ടോ ഘടകം എന്നത് പൃഥ്വിരാജ്-പാര്‍വതി കെമിസ്ട്രിയുടെ സ്ക്രീന്‍ പ്രസന്‍സ്, പാര്‍വതിയുടെ ഫ്രീക്കി മെയ്ക്ക് ഓവര്‍ തുടങ്ങിയവ തന്നെയാകും.
പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലം പരിചയപ്പെടുത്തുന്നതിലെ പിശുക്കും മറ്റ് കഥാപാത്രങ്ങളായ താരയെ ഒരു കാലഘട്ടത്തിന്‍റെ സ്വപ്ന നായിക എന്നു വിശേഷിപ്പിക്കുമ്ബോഴും ആദ്യ സിനിമയുടെ ചിത്രീകരണത്തിനാണ് ജയകൃഷ്ണന്‍ ലിസ്ബണില്‍ എത്തുന്നതെന്ന് പറയുന്നെഎങ്കിലും അയാളുടെ ശരീരഭാഷയില്‍ അത് പ്രകടമാക്കാനും അവരുടെ പശ്ചാത്തലം പരിചയപ്പെടുന്നതിലെ പിഴവ് മൂലം വിശ്വസനീയത നിലനിര്‍ത്താന്‍ പാട്പെടുന്നു. 'ടേക്ക് ഓഫി'ന് ശേഷം പാര്‍വതി അഭിനയിച്ച മലയാള ചിത്രം കൂടിയാണ് 'മൈ സ്റ്റോറി'. തന്‍റെ എല്ലാ കഥാപാത്രത്തോടും എന്ന പോലെ ഇവിടെയും ഏറ്റവും നീതി പുലര്‍ത്തി സത്യസന്ധമായി തന്നെ പാര്‍വതി 'മൈ സ്റ്റോറി'യിലും അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിലെ ഏറ്റവും മനോഹരമായ ഘടകങ്ങളിലൊന്ന് പാര്‍വതിയുടെ അഭിനയം തന്നെയാണ്. ഇരട്ട കഥാപാത്രത്തില്‍ പാര്‍വതിക്ക് വ്യത്യസ്ഥത കൊണ്ടു വരാന്‍ സാധിച്ചു എന്നതും അഭിനന്ദനര്‍ഹമാണ്. ഷാന്‍ റഹ്മാന്‍റെ സംഗീതവും പൃഥ്വിരാജിന്‍റെ ഒതുക്കമില്ലാത്ത നൃത്തവും തമ്മില്‍ തമ്മില്‍ ചേരാതെ വേറിട്ടു നിന്നു. രാജനാരായണ്‍ ദേബ് ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. വിരസമായിപ്പോകുന്ന രണ്ടാംപകുതിയെ രക്ഷിച്ചെടുക്കുന്നത് പാര്‍വതിയുടെ എനര്‍ജി സ്ഫോടനമുള്ള 'ഹിമ' എന്ന കഥാപാത്രത്തിന്‍റെ പ്രകടനമാണ്. സിനിമ ഏറക്കുറെ മെലോഡ്രാമാറ്റിക് ആണെങ്കിലും ക്ലോസപ്പുകളില്ലാത്ത പാര്‍വതിയുടെ പ്രകടനമാണ് ആ ഡ്രാമ സിനിമയില്‍ നിന്ന് പ്രത്യക്ഷത്തില്‍ ഒഴിവാക്കുന്നതും. കഥയുടെ ഒഴുക്കിനും ഒഴുക്കില്ലായ്മയ്ക്കുമിടയില്‍ വട്ടംചുറ്റിയ പ്രേക്ഷകര്‍ക്ക് ആശ്വാസമായത് ദൃശ്യചാരുതയാര്‍ന്ന ഫ്രെയിമുകളാണെങ്കില്‍ കൂടിയും പലപ്പോഴും ഓരോ ഷോട്ടും രജിസ്റ്റര്‍ ചെയ്യാനുള്ള സാവകാശം പോലും കൊടുക്കാതെ വേഗത്തില്‍ കട്ട് ചെയ്തു എന്നത് എഡിറ്ററുടെ പോരായ്മ തന്നെയാണ്.
ശ്രേയാ ഘോഷാല്‍, ബെന്നി ദയാല്‍, ഹരിചരണ്‍ തുടങ്ങി പ്രധാന ഗായകരെല്ലാം വലിയ പുതുമകള്‍ നല്‍കാനാവാതെ നിന്നു. മനോജ് കെ. ജയന്‍, മണിയന്‍പിള്ള രാജു, നന്ദു തുടങ്ങിയവരും വില്ലത്തരമുള്ള കഥാപാത്രമായെത്തിയ ഗണേഷ് വെങ്കിട്ടരാമനും തങ്ങളുടെ ഭാഗം മനോഹരമാക്കിയെങ്കിലും അസ്തിത്വമില്ലാത്ത കഥാപാത്രങ്ങളായി തന്നെ മുഴച്ചുനിന്നു അവര്‍. ലിസ്ബണിന്‍റെ ഭംഗി ഒരു പരിധി വരെ ഫ്രെയിമിലെത്തിച്ച ഡൂഡ്ലിക്കും വിനോദ് പെരുമാളിനും ചെറിയ കൈയടി കൊടുക്കാം. പോര്‍ച്ചുഗല്ലിന്‍റെ നേരിയ ദൃശ്യവിരുന്നാണ് പണം മുടക്കി തീയറ്ററില്‍ കയറുന്ന പ്രേക്ഷകന് ആകെ ആശ്വാസമായിട്ടുള്ളത്. കഥാപാത്രങ്ങളുടെ എണ്ണം നന്നേ കുറവായിരുന്നു എന്നത് മറ്റൊരു പോരായ്മ തന്നെയാണ്.
വളരെ ലളിതമായ കഥ പിന്നീടങ്ങോട്ട് പ്രണയത്തിന്‍റെ എല്ലാ സാന്ദ്രനിമിഷങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ട് പോകാന്‍ നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ട്, പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെ വിരഹത്തിന്‍റെ വേദന അറിയുന്നവന്‍റെ തീവ്രത പറയാന്‍ പരാജയപ്പെട്ട് പ്രണയത്തിന്‍റെ നല്ല അനുഭവത്തെ, നല്ല പ്രണയത്തെയാണ് മൈ സ്റ്റോറി ഇല്ലാതാക്കാന്‍ ശ്രമിച്ചത്. കാഞ്ചന മാലയും മൊയ്‌തീനുമാകണ്ട... പക്ഷെ മിനിമം കമിതാക്കള്‍ എന്നുവരെ തോന്നിക്കാന്‍ അവരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു ചേരുവയും ചേര്‍ക്കാനാകാതെ ഒരു ലിപ് ലോക്ക് സീന്‍ എങ്കിലും ചേര്‍ത്തത് നന്നായി. കുറഞ്ഞ പക്ഷം പ്രേക്ഷകര്‍ക്കെങ്കിലും ബോധ്യപ്പെടണമല്ലോ അവര്‍ കമിതാക്കളാണെന്ന്. കാരണം നിങ്ങള്‍ തൃപ്തിപ്പെടുത്തേണ്ടത് ആരാധക കൂട്ടത്തെയല്ല, സാധാരണ പ്രേക്ഷകരെയാണ് എന്നത് തന്നെ.