• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പിണറായിയിലെ മരണങ്ങൾ: കൊന്നത് എലിവിഷം നൽകി; കുടുംബാംഗമായ യുവതി അറസ്റ്റിൽ.

തലശ്ശേരി: പിണറായി പടന്നക്കരയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വീട്ടമ്മ സൗമ്യ അറസ്റ്റില്‍. പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ സൗമ്യ കുറ്റം സമ്മതിച്ചു. മാതാപിതാക്കളുടെയും മക്കളുടെയും മരണം ആസൂത്രിതമായ പരമ്പര കൊലപാതകമാണെന്ന് ഇതോടെ വ്യക്തമായി. അതിനിടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. 

എട്ടുവയസുകാരി ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിച്ച സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി രഘുരാമനാണ് അന്വേഷണച്ചുമതല.

തലശ്ശേരി റസ്റ്റ് ഹൗസിൽ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾക്കും ഒരു മകൾക്കും എലിവിഷം നൽകിയാണ് കൊന്നതെന്ന് ചോദ്യം ചെയ്യലിൽ സൗമ്യ സമ്മതിച്ചു. അച്ഛൻ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലയ്ക്കു മീൻ കറിയിലും മകൾ ഐശ്വര്യയ്ക്കു ചോറിലും വിഷം നൽകിയെന്ന് സൗമ്യ സമ്മതിച്ചു. ഇളയമകൾ കീർത്തനയുടേത് സ്വാഭാവിക മരണമാണെന്നും ഇവർ മൊഴി നൽകിയതായാണ് വിവരം. അവിഹിതബന്ധങ്ങൾക്കു തടസം നിൽക്കാതിരിക്കാനാണ് മാതാപിതാക്കളെ കൊന്നതെന്ന് സൗമ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

നേരത്തെ സ്വാഭാവിക മരണമെന്ന നിലയിലാണു മരണങ്ങൾ കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. സമാന സ്വഭാവമുള്ള മരണങ്ങൾ സംശയം ഉയർത്തിയതിനെത്തുടർന്നാണ് സൗമ്യയെ ചോദ്യം ചെയ്തത്. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഈ വീട്ടിൽ മരിച്ച കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം പൊലീസ് പുറത്തെടുത്ത് പരിശോധിച്ചിരുന്നു.

കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ സംഭവമുണ്ടായത്. ഛർദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നാലുപേരുടെയും മരണത്തിൽ ദുരൂഹത ബലപ്പെട്ടത്.

Top