മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജിവച്ചു. ചൊവ്വാഴ്‌ച യാണ് രാജിക്കത്ത് കൈമാറിയത്. പഴ്‌സനല്‍ സ്റ്റാഫിലെ ചിലരുമായുള്ള ഭിന്നതയാണ് രാജിക്കു കാരണമെന്നാണ് സൂചന. പ്രധാന ഫയലുകള്‍ കാണിക്കാത്തത് രാജിക്ക് കാരണമായെന്നും സൂചനയുണ്ട്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു നല്‍കിയ വിശദീകരണം.
ചീഫ് സെക്രട്ടറി സ്ഥാനത്തു വിരമിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നളിനി നെറ്റോയെ നിയമിച്ചത്. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന തസ്‌തിക പ്രത്യേകം സൃഷ്ടിച്ചാണ് നളിനി നെറ്റോയെ ആ സ്ഥാനത്ത് നിയമിച്ചത്.
മുഖ്യമന്ത്രിയുടെ വകുപ്പുകളിലെയും മറ്റു പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ നളിനി നെറ്റോ കാണണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രധാന ഫയലുകളൊന്നും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കാണിക്കാറില്ലായിരുന്നു. പഴ്‌സനല്‍ സ്റ്റാഫിലെ പ്രമുഖരും മറ്റു ചില വകുപ്പു സെക്രട്ടറിമാരും ചേര്‍ന്ന് തീരുമാനമെടുത്തു തുടങ്ങി.
ഫയലുകള്‍ കൈകാര്യം ചെയ്യുന്ന രണ്ട് ഉന്നതര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടാകുമെന്നു നളിനി നെറ്റോ മുഖ്യമന്ത്രിയെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ നളിനി നെറ്റോ സമയബന്ധിതമായി ഫയലുകള്‍നോക്കിയിരുന്നില്ല, അതിനാലാണ് ഫയലുകള്‍ നല്‍കാതിരുന്നതെന്നാണ് മറുപക്ഷത്തിന്റെ വാദം.
എം.വി.ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് നളിനി നെറ്റോയും രാജിവയ്‌ക്കുന്നത്. നളിനി നൊറ്റോക്ക് പകരം ആളെ നിയമിക്കാനിടയില്ല. കേരളത്തിലെ നാലാമത്തെ വനിതാ ചീഫ്‌സെക്രട്ടറിയാണ് 1981 ബാച്ച് ഐഎഎസ്‌കാരിയായ നളിനി നെറ്റോ.