ന്യൂഡല്‍ഹി: ദേശിയ ചലചിത്ര പുരസ്കാര വിതരണത്തില്‍ വേദി കൈയ്യടക്കാനുള്ള വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ നീക്കത്തിനെതിരേ പുരസ്കാര ജേതാക്കളുടെ പ്രതിഷേധം. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ എല്ലാം രാഷ്ട്രപതി തന്നെ വിതരണം ചെയ്യുമെന്നായിരുന്നു നേരത്തേ പുരസ്കാര ജേതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍, ഇന്ന് ഈ തീരുമാനം പെട്ടെന്നു മാറ്റി.
പുരസ്കാരങ്ങളില് ഏറ്റവും പ്രധാനപ്പെട്ട പതിനൊന്നെണ്ണം രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ സ്മൃതി ഇറാനി വിതരണം ചെയ്യുമെന്നുമായിരുന്നു പുതിയ തീരുമാനം. എന്നാല്‍, എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്ന് പുരസ്കാര ജേതാക്കളും ആവശ്യമുന്നയിച്ചു.
പുരസ്കാര ജേതാക്കളുടെ വിജോയജിപ്പ് കടുത്തപ്പോള്‍ ചടങ്ങിന്റെ റിഹേഴ്സല്‍ നടന്ന വിജ്ഞാന് ഭവനിലേക്ക് മന്ത്രി സ്മൃതി ഇറാനി എത്തി. പുരസ്കാര ജേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷം രാഷ്ട്രപതിയുടെ ഓഫീസുമായി ചര്‍ച്ച ചെയ്ത പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന നിലപാടിലാണ് മന്ത്രി മടങ്ങിയത്.