കൊച്ചി > പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മിതിക്കായി ഒരുമിക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നാട‌് ഏറ്റുവാങ്ങുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന്റെ ആദ്യ ദിനം എറണാകുളത്തെ മൂന്ന‌് താലൂക്കില്‍ നിന്നും സമാഹരിച്ചത‌് മൂന്ന‌് കോടിയോളം രൂപ. രൂപ. മന്ത്രി എ സി മൊയ‌്തീന്‍ മൂന്ന‌് താലൂക്ക‌് കേന്ദ്രങ്ങളിലുമെത്തി ഫണ്ട‌് ഏറ്റുവാങ്ങി. കുന്നത്ത‌്നാട‌് താലൂക്കില്‍ നിന്നും 1.24 കോടി രൂപയും മൂവാറ്റുപുഴയില്‍ നിന്ന‌് 49.75 ലക്ഷവും കോതമംഗലത്ത‌് നിന്നും 1.25 കോടിയും സമാഹരിച്ചു. ആകെ 2,99,52274 കോടി.
കുന്നത്തുനാട്ടില്‍ വടവുകോട‌്﹣പുത്തന്‍കുരിശ‌് പഞ്ചായത്ത‌് 20 ലക്ഷം രൂപയാണ‌് ദുരിതാശ്വാസ നിധിയിലേക്ക‌് സ്വരൂപിച്ച‌് നല്‍കിയത‌്. പ്രളയത്തില്‍ സകലതും നഷ‌്ടമായവര്‍ക്ക‌് വീട‌് വയ‌്ക്കാന്‍ മൂവാറ്റുപുഴയിലെ സ്വകാര്യ വ്യക്തി 16.5 സെന്റ‌് സ്ഥലം നല്‍കി. കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ രണ്ടു വീട‌് നിര്‍മ്മിച്ചു നല്‍കും. നൂറുകണക്കിന‌് സുമനസുകളാണ‌് നേരിട്ട‌് പണമായും ചെക്കായും ഓരോ കേന്ദ്രങ്ങളിലുമെത്തിയത‌്. പ്രളയത്തില്‍ കോടികളുടെ നഷ‌്ടമുണ്ടായിട്ടും പെരുമ്ബാവുരിലെ മര, പ്ലൈവുഡ‌് വ്യവസായ മേഖലകള്‍ സമാഹരിച്ചത‌് 10 ലക്ഷം രൂപയാണ‌്. കോലഞ്ചേരി മെഡിക്കല്‍ കോളേജും പത്ത‌് ലക്ഷം രൂപ കൈമാറി.
നവകേരളത്തിന്റെ നിര്‍മിതിക്കായി ചരടുകളില്ലത്ത പിന്തുണയാണ‌് ലോകത്തിന്റെ എല്ലാഭാഗത്ത‌് നിന്നും പ്രവഹിക്കുന്നതെന്ന‌് വിവിധ കേന്ദ്രങ്ങളിലെ ചടങ്ങ‌് ഉദ‌്ഘാടനം ചെയ‌്ത‌് മന്ത്രി എ സി മൊയ‌്തീന്‍ പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി വാര്‍ഷിക പദ്ധതിയേക്കാള്‍ കൂടുതല്‍ തുക കണ്ടെത്തണം. ദുരിതാശ്വസ സഹായത്തിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍വഴി ആദ്യം പ്രസിദ്ധപ്പെടുത്തിയത‌് എറണാകുളം ജില്ലയാണ‌്. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക‌് സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.