നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പീരുമേട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്‌ചയുണ്ടായോ എന്നന്വേഷിക്കാന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ് ഉത്തരവിട്ടു. രാജ്‌കുമാറിനെ ജയിലില്‍ കൊണ്ടുവന്നതുമുതല്‍ ആശുപത്രിയിലെത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യനാണ് അന്വേഷണച്ചുമതല. ഉത്തരമേഖല ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി മുകേഷും സംഘത്തിലുണ്ടാകും.
പീരുമേട് സബ് ജയിലില്‍ വച്ച്, കഴിഞ്ഞ മാസം 21നു രാവിലെ തുള്ളി വെള്ളം തരുമോയെന്നു കരഞ്ഞു യാചിച്ച് കുമാര്‍ നിലത്തുവീഴുന്നതു കണ്ടിരുന്നതായി സഹതടവുകാരന്‍ സുനില്‍ സുകുമാരന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 21നു രാവിലെയായിരുന്നു മരണം. തലേന്ന് രാത്രി ഏഴിനു നെഞ്ചു വേദന അനുഭവപ്പെടുന്നുവെന്നു കുമാര്‍ കരഞ്ഞു പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും സുനില്‍ വെളിപ്പെടുത്തിയിരുന്നു.