ബൈഡന്‍ ഭരണത്തില്‍ കാബിനറ്റ് റാങ്കില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ഏക ഇന്ത്യന്‍ അമേരിക്കന്‍ വംശജ നീരാ ടെന്‍ഡന്റെ നിയമനം യുഎസ് സെനറ്റ് തള്ളിയതോടെ കാബിനറ്റ് റാങ്കില്‍ നിന്നും പുറത്തായ നീരയെ വൈറ്റ്‌ഹൗസ് സീനിയര്‍ അഡൈ്വസറായി നിയമിച്ചതായി മേയ് 14 ന് വൈറ്റ്‌ഹൗസില്‍ നിന്നും പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
മാനേജ്‌മെന്‍റ് ആന്‍ഡ് ബജറ്റ് ഓഫീസ് അധ്യക്ഷ എന്ന കാബിനറ്റ് റാങ്കിലാണ് നീര നോമിനേറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ സെനറ്റിന്റെ അംഗീകാരം ലഭിക്കാതിരുന്നതിനാല്‍ നോമിനേഷന്‍ പിന്‍വലിക്കുകയായിരുന്നു.
അഫോഡബിള്‍ കെയര്‍ അക്ട് പോളിസി ചെയ്‌ഞ്ചിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന ചുമതലയായിരുന്നു നീരക്ക്. ഈ ആക്ടിന് രൂപം നല്‍കിയ ബറാക്ക് ഒബാമയുടെ ടീമില്‍ നീര മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.. സെന്‍റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് ആക്ഷന്‍ ഫണ്ടിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു 51 കാരിയായ നീര.
യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയില്‍ നിന്നും ബിരുദവും യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദവും സ്വന്തമാക്കിയ നീര മസാച്യുസെറ്റ്‌സിലാണ് ജനിച്ചത്. ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് ജനിച്ച മകളാണ് നീര.