പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് (പി.എന്‍.ബി) 13,500 കോടി രൂപ തട്ടിയ കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ പേരില്‍ വീണ്ടും ആരോപണം. കേസന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നീരവിനെതിരേ ഇന്ത്യ ക്രിമിനല്‍ക്കേസ് രജിസ്റ്റര്‍ ചെയ്‌തതിനു മാസങ്ങള്‍ക്കു ശേഷം ഇയാള്‍ സിംഗപ്പൂരില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു കടത്തിയത് 89 കോടി രൂപയാണത്രേ.
ഇതിനുപുറമേ വിശ്വസ്‌തര്‍ വഴി 66 കോടി രൂപയുടെ വജ്രം, ആറരക്കോടി രൂപ, 150 പെട്ടി മരതകം, 50 കിലോ സ്വര്‍ണം എന്നിവ ദുബായിലെയും ഹോങ്കോങ്ങിലെയും തന്റെ സ്ഥാപനങ്ങളില്‍ നിന്നും നീരവ് മോദി കടത്തിയതായി വിവരമുണ്ട്. ഇത് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്. നിലവില്‍ ബ്രിട്ടീഷ് ജയിലില്‍ക്കഴിയുകയാണു നീരവ് മോദി.
അന്വേഷണ ഏജന്‍സികള്‍ തന്റെ സ്വത്തു കണ്ടുകെട്ടാതിരിക്കാന്‍ വേണ്ടിയാണു നീരവ് തന്റെ ബെല്‍വദെര്‍ ഹോള്‍ഡിങ്‌സ് ഗ്രൂപ്പ് ലിമിറ്റഡ് എന്ന സിംഗപ്പൂരിലെ സ്ഥാപനത്തിന്റെ രണ്ടു ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നും സഹോദരിയായ പുര്‍വി മോദി വഴി പണം സൂറിച്ചിലെ (സ്വിറ്റ്‌സര്‍ലന്‍ഡ്) ഇ.എഫ്.ജി ബാങ്കിലേക്കു മാറ്റിയത്. കൂടാതെ, ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള നീരവിന്റെ ജോലിക്കാരന്‍ സുഭാഷ് പരബ് ഈജിപ്‌തിലുണ്ടെന്നു വിവരം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്രിമിനല്‍ ഗൂഢാലോചനയും വിശ്വാസവഞ്ചനയും അടക്കമുള്ള കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.