തിരുവനന്തപുരം: ഇൗ വര്‍ഷത്തെ മെഡിക്കല്‍/അനുബന്ധ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) രാജ്യത്താകെ 150 കേന്ദ്രങ്ങളില്‍ തുടങ്ങി. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍.
സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പേര് പരീക്ഷ എഴുതും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരീക്ഷ. 9.30 ഒാടെ വിദ്യാര്‍ഥികളെ പരീക്ഷാഹാളില്‍ കയറ്റുന്നത് അവസാനിപ്പിച്ചു. പരിശോധനക്കുശേഷം രാവിലെ 7.30 മുതല്‍ ഹാളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. 9.30ന് ശേഷം എത്തുന്നവരെ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
നീറ്റ് ഫലം ജൂണ്‍ അഞ്ചിനകം പ്രസിദ്ധീകരിക്കും. ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിറ്റ് കാര്‍ഡും പാസ്പോര്‍ട്ട് സൈസ് ഫോേട്ടായും മാത്രമേ പരീക്ഷാഹാളില്‍ അനുവദിക്കൂ. ഇവ ഒഴികെ മറ്റ് വസ്തുക്കള്‍ പരീക്ഷാകേന്ദ്രത്തില്‍ അനുവദിക്കില്ല. ഹാജര്‍ പട്ടികയില്‍ വിദ്യാര്‍ഥികള്‍ വിരലടയാളവും പതിക്കണം.
ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. വസ്ത്രത്തില്‍ വലിയ ബട്ടണ്‍, ബാഡ്ജ്, ബ്രൂച്ച്, പൂവ് എന്നിവയൊന്നും പാടില്ല. ചെറിയ ഹീലുള്ള ചെരിപ്പുകളാണ് ധരിക്കേണ്ടത്. ഷൂസ് അനുവദിക്കില്ല. പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതിയുണ്ട്. ഇത്തരം വിദ്യാര്‍ഥികള്‍ പരിശോധനക്കായി ഒരു മണിക്കൂര്‍ മുെമ്ബങ്കിലും പരീക്ഷാകേന്ദ്രത്തില്‍ എത്തണം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ആശയ വിനിമയത്തിനുള്ള ഒരു ഉപകരണവും പരീക്ഷാ സെന്ററിലേക്ക് കൊണ്ടുവരരുത്. ഇത് സൂക്ഷിക്കുന്നതിനാവശ്യമായ ഒരു സൗകര്യവും സെന്ററുകളില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വെള്ളക്കുപ്പി, ജ്യോമെട്രി ബോക്സ്, പെന്‍സില്‍ ബോക്സ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, മറ്റ് ലോഹ ഉപകരണങ്ങള്‍ തുടങ്ങിയവയും അനുവദിക്കില്ല.