• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നെതര്‍ലന്‍ഡ്‌സില്‍ നഴ്‌സുമാരില്ലെന്ന്‌ സ്ഥാനപതി; സഹായിക്കാമെന്ന്‌ മുഖ്യമന്ത്രി

നെതര്‍ലന്‍ഡ്‌സിന്‌ ആവശ്യമായ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാന്‍ കേരളത്തിനു കഴിയുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ നെതര്‍ലന്‍ഡ്‌സ്‌ സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗിനെ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു. നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക്‌ ക്ഷാമം നേരിടുന്നുവെന്നും നാല്‍പതിനായിരത്തോളം നഴ്‌സുമാരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രി കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയത്‌.

മുഖ്യമന്ത്രിയെ കേരള ഹൗസില്‍ സന്ദര്‍ശിച്ചപ്പോഴാണ്‌ നെതര്‍ലന്‍ഡ്‌സ്‌ സ്ഥാനപതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന്‌ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗ്‌ പറഞ്ഞു. തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിനു റസിഡന്റ്‌ കമ്മിഷണറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിനായി നെതര്‍ലന്‍ഡ്‌സ്‌ രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കേരളം സന്ദര്‍ശിക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ഡച്ച്‌ സ്ഥാനപതിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഡച്ച്‌ കമ്പനി ഭാരവാഹികള്‍, പ്രഫഷനലുകള്‍, സാങ്കേതിക വിദഗ്‌ധര്‍, സാമ്പത്തിക വിദഗ്‌ധര്‍ തുടങ്ങിയവരടങ്ങിയ സംഘവും ഒപ്പമുണ്ടാകും. കൊച്ചിയില്‍ ജില്ലാ കലക്ടര്‍ എസ്‌.സുഹാസും ഡല്‍ഹിയില്‍ റസിഡന്റ്‌ കമ്മിഷണറും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മുഖ്യമന്ത്രിയുടെ ഡച്ച്‌ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണു ഡച്ച്‌ സംഘത്തിന്റെ വരവ്‌.

കേരള സംസ്ഥാന ആര്‍ക്കൈവ്‌സ്‌ വകുപ്പും നെതര്‍ലന്‍ഡ്‌സ്‌ ദേശീയ ആര്‍ക്കൈവ്‌സും സഹകരിച്ച്‌ കൊച്ചിയിലെ ഡച്ച്‌ ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും. നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാം പോര്‍ട്ടിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്‍പനയ്‌ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്തും.

നെതര്‍ലന്‍ഡ്‌സ്‌ സംഘത്തിന്റെ ഒക്ടോബറിലെ സന്ദര്‍ശനവേളയില്‍ ഇത്‌ സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്‌ക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്‌സുമായി സഹകരിച്ച്‌ തുറമുഖ വികസനവും കേരളത്തിലെ ഡച്ച്‌ ആര്‍ക്കൈവ്‌സിന്റെ വികസനവും നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്‌തിരുന്നു. കേരളത്തെ പച്ചക്കറി പുഷ്‌പ മേഖലയിലെ മികവുറ്റ കേന്ദ്രമാക്കി മാറ്റാനും സഹകരണം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഡച്ച്‌ കമ്പനികള്‍ക്ക്‌ താല്‍പര്യമുണ്ടെന്ന വിവരവും സ്ഥാനപതി അറിയിച്ചു. ഹോര്‍ത്തൂസ്‌ മലബാറിക്കസിന്റെ ഇംഗ്ലിഷ്‌ പതിപ്പ്‌ കേരള സര്‍വകലാശാല പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിന്റെ പ്രത്യേക ഗിഫ്‌റ്റ്‌ എഡിഷന്‍ തയാറാക്കി വരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top