തിരുവനന്തപുരം : പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകക്കെതിരെ കേസെടുക്കാതിരിക്കാന്‍ പുതിയ തന്ത്രവുമായി പോലീസ്. അറസ്റ്റിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു കാട്ടി പോലീസ് ഇടക്കാല അന്വേഷണ ഫയല്‍ ഹൈക്കോടതിയില്‍ നല്‍കി. തെളിവു ശേഖരണത്തിന് കൂടുതല്‍ സമയം വേണമെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു.
തനിക്കെതിരായി എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയിലെടുത്ത കേസ് പിന്‍വലിക്കണമെന്ന പോലീസ് ഡ്രൈവര്‍ ഗവാസ്കറുടെ ഹര്‍ജി നാലിനു ഹൈക്കോടതി പരിഗണിക്കും. ഇതിനു മുന്നോടിയായി അന്വേഷണസംഘം ഇതുവരെയുള്ള അന്വേഷണപുരോഗതി വ്യക്തമാക്കി കേസ് ഫയല്‍ കോടതിയിലേക്കു കൈമാറി. എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാന്‍ മാത്രമുള്ള തെളിവുകളായിട്ടില്ലെന്നാണ് ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദ്ദനം സ്ഥിരീകരിക്കുന്ന സാഹചര്യത്തെളിവുകളും മൊഴികളും ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെടുന്നു.
സംഭവം നടന്നിട്ട് പതിനാറു ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസ് എങ്ങുമെത്തിയില്ല. കൂടാതെ എഡിജിപിയുടെ മകളുടെ പരാതി വ്യാജമാണെന്നു സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടും അത് സ്ഥിരീകരിക്കാനും ക്രൈംബ്രാഞ്ച് തയാറായിട്ടില്ല.