ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബാങ്കിംഗ് സംവിധാനം തകര്‍ത്തു എന്ന രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇപ്പോള്‍ നേരിടുന്ന നോട്ട് ക്ഷാമത്തെക്കുറിച്ച് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
നീരവ് മോദിക്ക് സഹായം ചെയ്തു നല്‍കിയതും ബാങ്കിംഗ് മേഖല തകരുന്നതിന് കാരണമായെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപവെട്ടിച്ച് നീരവ് മോദി കടന്നു കളഞ്ഞിട്ടും മോദി ഒരക്ഷരം സംസാരിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം നടത്തി 500-1000 രൂപ ജനങ്ങളുടെ കൈയില്‍ നിന്നും കൈക്കലാക്കി നീരവ് മോദിയുടെ കീശയില്‍ നിക്ഷേപിക്കുകയായിരുന്നു. നീരവ് മോദിയുമായും ചൊക്‌സിയുമായും നരേന്ദ്ര മോദിക്ക് അടുപ്പമുണ്ട്. നീരവ് മോദി അടക്കമുള്ള പതിനഞ്ചോളം ആളുകള്‍ക്ക് മാത്രമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതു പോലുള്ള അച്ഛെ ദിന്‍ രാജ്യത്ത് ഉണ്ടായത്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എല്ലാം ഇത് മോശം ദിനങ്ങളായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്ത് വലിയനോട്ട് ക്ഷാമമാണ് ഇപ്പോള്‍ നേരിടുന്നത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ബാങ്ക് എടിഎമ്മുകളില്‍ പണമില്ല. 2016 നവംബറിലെ നോട്ട് നിരോധനത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പലയിടങ്ങളിലും ജനങ്ങള്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ കാത്തു നില്ക്കുകയാണ്. മിക്ക എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.