• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഗുജറാത്തിലെ കാഴ്ചകള്‍ ട്രാവൽ വ്ലോഗ്

സഞ്ചരിക്കാനുള്ള ത്വര മനുഷ്യരില്‍ അടിസ്ഥാനപരമായി കുടികൊള്ളുന്നതാണ്‌. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ആത്യന്തികമായി മനുഷ്യര്‍ "തെണ്ടികളും നായാടികളു"മാണ്‌. കൃഷി കണ്ടുപിടിച്ചതോടെയാണ്‌ മനുഷ്യര്‍ സ്ഥിരം താവളങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്‌. അന്നം തേടിയുള്ള യാത്രയില്‍ നിന്നുതുടങ്ങി പ്രപഞ്ചരഹസ്യങ്ങളുടെ ഉള്ളറകളിലേക്കും ആത്മഞ്ജാനം തേടിയുള്ള അന്വേഷണങ്ങളിലേക്കും നീളുന്നു മനുഷ്യരുടെ യാത്ര.

അന്നം തേടിയുള്ള എന്റെ യാത്രയില്‍ കുറച്ചുകാലം ഗുജറാത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ തങ്ങുകയുണ്ടായി.

അഹമ്മദാബാദില്‍ നിന്നും ഏകദേശം 60 കി. മീ. അകലെയുള്ള വിരംഗം എന്ന സ്ഥലത്താണ്‌ ആദ്യം എത്തിയത്‌. അഹമ്മദാബാദില്‍ നിന്നും കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒട്ടകത്തെ പൂട്ടിയ വണ്ടി ആദ്യമായി കാണുകയുണ്ടായി. കൂടെയുണ്ടായിരുന്ന സുഹൃത്തിനു ഗാന്ധിനഗറില്‍ പോകണമായിരുന്നു. അവിടെ ഒരു ഹൌസിംഗ്‌ കോളനിയില്‍ വണ്ടി പാര്‍ക്കു ചെയ്തു നില്‍ക്കുമ്പോള്‍ വഴിയരികില്‍ കായ്ചു നില്‍ക്കുന്ന ഒരു നെല്ലിമരം. റോഡില്‍ വീണു കിടക്കുന്ന മുഴുത്ത നെല്ലിക്കായ്കള്‍. ചിലതെല്ലാം ചതഞ്ഞിട്ടുണ്ട്‌. ഇവിടാര്‍ക്കും നെല്ലിക്ക വേണ്ടെന്നു തോന്നുന്നു. ഏറെ കേടില്ലാത്ത ഒന്നു ഞാനെടുത്തു കഴുകി തിന്നു. നല്ല രുചി. 

നാലുവരിപ്പാതയ്ക്കു സമീപം കുഞ്ഞുങ്ങളെ വെളിക്കിരുത്തി അവര്‍ക്കു കാവല്‍ നില്‍ക്കുന്ന അമ്മമാരേയും, കൈയിലൊരു കൊച്ചു ടിന്നില്‍ വെള്ളവും കൊണ്ട്‌ റോഡരിലെ കുറ്റിക്കാട്ടിലേയ്ക്ക്‌ പോകുന്ന മുതിര്‍ന്നവരേയും കണ്ടു. പ്രകൃതി കനിഞ്ഞ്‌ ഇവര്‍ക്കു ഇത്തരം ശൌചാലയങ്ങള്‍ ധാരാളം നല്‍കിയിട്ടുണ്ട്‌. മിക്കവാറും എല്ലാ റോഡുകള്‍ക്കരികിലും ഗ്രാമമെന്നൊ നഗരമെന്നോ ഭേദമില്ലാതെ പച്ചയുടെ ഇടനാഴികള്‍ ഉണ്ട്‌. സത്യത്തില്‍ കേരളത്തിലെ റോഡുകളേക്കാല്‍ പച്ചപ്പ്‌ ഇവിടത്തെ റോഡുകള്‍ക്കുണ്ട്‌. നാലുവരിപ്പാതയുടെ നടുവിലും അരികിലും പച്ചപ്പിന്റെ നീണ്ട ഇടനാഴികള്‍ കാണാം. ഈ ഇടനാഴികള്‍ ഇവര്‍ക്കു പലതുമാണ്‌. വഴിയാത്രക്കാര്‍ക്കു വിയര്‍പ്പാറ്റാനുള്ള പന്തല്‍, ആണുങ്ങള്‍ക്ക്‌ ചീട്ട്‌ കളിച്ചിരിക്കാനുള്ള ക്ലബ്ബ്‌, ഗ്രാമീണസ്ത്രീകള്‍ക്ക്‌ വിറകു ശേഖരിക്കാനുള്ള വനം, പിന്നെ പ്രകൃതിയുടെ വിളിക്ക്‌ ചെവി കൊടുക്കാനുള്ള സ്ഥലവും. ഗ്രാമങ്ങള്‍ക്കുള്ളിലേക്ക്‌ ചെന്നാല്‍ നീണ്ട, ഭാരം കുറഞ്ഞ ഒരു കോടാലിയും കൊണ്ടു വഴിയരികിലെ കുറ്റിക്കാട്ടില്‍ നിന്നു വിറകു ശേഖരിക്കുന്ന സ്ത്രീകളെ കാണാം. പണ്ടേ നിലവിലുള്ള തൊഴില്‍ വിഭജനപ്രകാരം വെള്ളവും വിറകും ശേഖരിക്കേണ്ടതു സ്ത്രീകളാണല്ലൊ. ജമദഗ്നിമഹര്‍ഷിയുടെ ഭാര്യ രേണുക വെള്ളം ശേഖരിക്കാന്‍ പോയത്‌, കേരളോല്‍പത്തിയുമായി ബന്ധപ്പെട്ട കഥയാണല്ലൊ. 
മോട്ടോര്‍സൈക്കിളിന്റെ തലയും പെട്ടിവണ്ടിയുടെ ഉടലും ഉള്ള വാഹനം ആദ്യമായി കണ്ടപ്പോള്‍ ഏതോ ഭാവനാശാലിയുടെ അപൂര്‍വസൃഷ്ടി എന്നാണ്‌ കരുതിയത്‌". ഗ്രാമപ്രദേശത്തെത്തിയപ്പൊഴാണ്‌ മനസ്സിലായത്‌, ഇയാള്‍ ഇവിടത്തെ ഒരു പൌരമുഖ്യന്‍ തന്നെയാണെന്ന്‌. രാവിലെ പരുത്തി പറിക്കാന്‍ വേണ്ടി സ്ത്രീകളെ കുത്തി നിറച്ചു പോകുന്ന അതേ വണ്ടിയില്‍ വൈകുന്നേരം പറിച്ചെടുത്ത പരുത്തിയും അവയ്ക്കു മുകളില്‍ തൊഴിലാളികളുമായി മടങ്ങുന്നതു കാണാം. എന്റെ ഡ്രൈവര്‍ പറഞ്ഞത്‌, ഈ വണ്ടികള്‍ക്ക്‌ 40 കി. മീ. മെയിലേജ്‌ കിട്ടുമെന്നാണ്‌. എന്റെ നാട്ടില്‍ കാണാത്ത്‌ ഒരു ദൃശ്യമാണ്‌ ഇതെന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍, ഗുജറാത്തിന്റെ തന്നെ മറ്റൊരു ഭാഗത്തു നിന്നു വരുന്ന അയാള്‍ പറഞ്ഞത്‌, അയാളുടെ നാട്ടിലും ഇത്തരം വാഹനങ്ങള്‍ ഇല്ല എന്നാണ്‌. "ലവന്‍ ആളൊരു പുലിയാണ്‌". നിങ്ങള്‍ ഈ ഭൂഗോളം പറിച്ചുകൊടുത്താല്‍ അതും കൊണ്ടു പോകാന്‍ തയ്യാറാണെന്നാണ്‌ ലവന്റെ ഭാവം. ആളുകള്‍, ആടുമാടുകള്‍, ജലസംഭരണി, ഗ്യാസ്‌ സിലിണ്ടര്‍, അതില്‍ കൊണ്ടുപോകാത്ത ഒന്നും എനിക്കു സങ്കല്‍പിക്കാന്‍ കഴിയുന്നില്ല. 

ഇവിടെ യാത്രക്കാര്‍ ഏറ്റവും കുറവ്‌ ഉപയോഗിക്കുന്ന വാഹനം ബസ്സുകളാണെന്നു തോന്നി. മറ്റെല്ലാ വാഹനങ്ങളിലും ആളുകള്‍ പോകുന്നത്‌ കാണാം. എന്നല്ല, അവയുടെ പുരപ്പുറത്തു വരെ ആളുകളുണ്ടാകും. ഓട്ടോറിക്ഷ, ജീപ്പ്പ്പ്‌, എന്തിന്‌, ട്രാക്റ്റര്‍ ട്രെയിലെറില്‍ വരെ ആളുകള്‍ യാത്ര ചെയ്യും.

മൃഗസൌഹൃദസംസ്ഥാനങ്ങളില്‍ ഒരു പക്ഷെ ഒന്നാം സ്ഥാനം ഗുജറാത്തിനായിരിക്കാം എന്നു തോന്നുന്നു. രാജപാതയുടെ മദ്ധ്യത്തിലൂടെ ഒരു രാജാവിന്റെ ഗമയിലൂടെ ആരേയും കൂസാതെ പോകുന്ന മഹിഷിയേയും, നാഷണല്‍ ഹൈവെയുടെ മീഡിയനു കീഴെ ഒരു മുനീന്ദ്രന്റെ ശാന്തതയോടെ ഉറങ്ങുന്ന ശുനകനേയും, തിരക്കേറിയ ചന്തയിലെ തെരുവില്‍ കഥ പറഞ്ഞിരിക്കുന്ന കുഞ്ഞാടിന്‍കൂട്ടത്തേയും മേറ്റ്വിടെ കാണാന്‍ കഴിയും? ഇതിനു വിപരീതമായി പിന്നൊരിക്കല്‍ ഒരു കാഴ്ച്‌ കണ്ടു: റോഡരികില്‍ ദിവസങ്ങളോളം പഴക്കമുള്ള ഒട്ടകത്തിന്റെ ശവശരീരം, അതിനെ പങ്കു വയ്ക്കുന്ന പക്ഷികളും മൃഗങ്ങളും.

Top