സംസ്ഥാനത്തുടനീളം മോട്ടോര്‍വാഹനവകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ നടത്തിയ വാഹന പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. വാളയാര്‍ ചെക്ക് പോസ്റ്റ്, തൃശൂര്‍, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധന നടത്തിയ എല്ലാ ബസുകളും കോണ്‍ട്രാക്ട് കാരിയര്‍ പെര്‍മിറ്റ് ലംഘനം നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു സ്ഥലത്ത് നിന്ന് ആളെ കയറ്റി നിശ്ചിത സ്ഥലത്ത് ഇറക്കുകയോ തിരിച്ചെത്തിക്കുകയോ ചെയ്യണമെന്നാണ് കോണ്‍ട്രാക്ട് കാരിയര്‍ പെര്‍മിറ്റ് നിയമം വ്യക്തമാക്കുന്നത്. വിനോദ സഞ്ചാരത്തിനായി ബസ് വാടകയ്‌ക്ക് എടുക്കുന്നതുപോലെ മാത്രമേ ഇത്തരത്തിലുള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അന്തര്‍സംസ്ഥാന ബസുകള്‍ കെ.എസ്.ആര്‍.സി.ക്ക് സമാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ കര്‍ശന നടപടിയാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
5000 രൂപയാണ് ഇത്തരം പെര്‍മിറ്റ് ലംഘനത്തിന് പിഴ ഈടാക്കിയിരിക്കുന്നത്. കൂടാതെ ചരക്ക് സാധനങ്ങള്‍ കയറ്റി നികുതി വെട്ടിച്ചുകൊണ്ട് സംസ്ഥാനത്തേക്ക് കടത്തുന്നതിനെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്.