• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നിപ്പയെ അതിജീവിക്കും; ഭീതി പടര്‍ത്തിയാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

കോഴിക്കോട്‌ ഭീതി പടര്‍ത്തിയ നിപ്പയെ അതിജീവിച്ച പോലെ ഇപ്പോഴും അതിജീവിക്കാന്‍ കഴിയുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ്പയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണസജ്ജമാണ്‌. ആരോഗ്യമന്ത്രിയുടെ കീഴില്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ടെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യവകുപ്പ്‌ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പിന്തുടരണം. ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത്‌ പനി ബാധിച്ച്‌ ചികിത്സയിലുള്ള യുവാവിന്‌ നിപ്പ വൈറസ്‌ ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണസജ്ജമാണ്‌. എല്ലാ തയാറെടുപ്പുകളും ആരോഗ്യ വകുപ്പ്‌ മന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്‌. നിപ്പ സ്ഥിരീകരിച്ചു എന്നതിനാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല.

ആരോഗ്യവകുപ്പ്‌ ഓരോ സമയത്തും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത്‌ പിന്തുടരാന്‍ എല്ലാവരും തയാറാകണം. കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്‌. വിദഗ്‌ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തി. അവരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.കോഴിക്കോട്‌ നിപ്പ വൈറസ്‌ ബാധ ഉണ്ടായപ്പോള്‍ അതിനെ ഒന്നിച്ചുനിന്ന്‌ അതിജീവിക്കാന്‍ കേരളത്തിന്‌ കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക്‌ നിപ്പയെ അതിജീവിക്കാന്‍ കഴിയും. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ ആരും നടത്തരുത്‌. അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും.

Top