• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നിപ ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വക്ഷിയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നിപ ബാധിച്ചവരുടെ ചികിത്സാ ചെലവ് ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ച്‌ നല്‍കും. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുന്നത്. കാഴിക്കോട്ട് 2,400 കുടുംബങ്ങള്‍ക്കും മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്കും റേഷന്‍ കിറ്റ് ലഭ്യമാക്കും എന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പ് ചെയ്ത പ്രവര്‍ത്തനങ്ങളെ സര്‍വകക്ഷി യോഗം അഭിനന്ദിച്ചു. പ്രതിപക്ഷ നേതാവും ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയും അദ്ദേഹം അറിയിച്ചതായും മന്ത്രി അറിയിച്ചു.

നിപയെക്കുറിച്ച്‌ നിലവില്‍ ആശങ്ക വേണ്ട. എന്നാല്‍ ജാഗ്രത തുടരണം. ഇക്കാര്യത്തില്‍ അനാവശ്യ ഭീതി പരത്തുന്നത് ഒഴിവാക്കണം. ആരോഗ്യ വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ഫലപ്രദമായ നടപടികള്‍ ആദ്യഘട്ടത്തില്‍ സ്വീകരിക്കാനായി. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചാരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം എന്നും കെകെ ശൈലജ പറഞ്ഞു.

Top