കോഴിക്കോട്: നിപ വൈറസ് ബാധയില്‍ നിന്ന് മുക്തരായി ചികിത്സയില്‍ കഴിയുന്ന രണ്ട് പേരെ ആരോഗ്യമന്ത്രി കെകെ ശൈലജ സന്ദര്‍ശിച്ചു.
ഇവരിലൊരാള്‍ നാളെയും രണ്ടാമത്തെയാള്‍ ഈ മാസം 14നും ആശുപത്രി വിടും. നിപ യജ്ഞത്തില്‍ പങ്കാളികളായവരെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമെന്നും മന്ത്രി അറിയിച്ചു.
മലയാളികള്‍ക്ക് ഏറെ സന്തോഷവും ആശ്വാസവും പകര്‍ന്ന നിമിഷങ്ങള്‍ക്കാണ് ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സാക്ഷ്യം വഹിച്ചത്.
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുളള സംഘം നിപ വൈറസ് ബാധയില്‍ നിന്ന് മുക്തിനേടിയ രണ്ട് പേരെ നേരില്‍ കണ്ടു. മാസ്‌ക്ക് ധരിക്കാതെ സന്തോഷത്തോടെ നില്‍ക്കുന്ന രോഗികളെ ആരോഗ്യമന്ത്രി ആശ്വസിപ്പിച്ചു. രോഗ മുക്തി നേടിയ നഴ്‌സിംഗ വിദ്യാര്‍ത്ഥി തിങ്കളാഴ്ചയും മലപ്പുറം സ്വദേശി ഈ മാസം 14നും ആശുപത്രി വിടും.
മലേഷ്യയില്‍ നിന്ന് എത്തിച്ച റിബാവെറിന്‍ മരുന്ന് രണ്ട് പേര്‍ക്കും നല്‍കിയിരുന്നു. രോഗം ഭേദമായ സാഹചര്യമടക്കമുളള വിഷയങ്ങള്‍ ഐസിഎംആര്‍, പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സംഘങ്ങള്‍ പരിശോധിച്ചു വരികയാണ്.
നിപാ വൈറസ് ബാധയില്‍ നിന്ന് രോഗികള്‍ തിരിച്ചു വന്നതായി എവിടേയും രേഖപ്പെടുത്തി കാണുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ സരിത, എ പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ യുവി ജോസ് എന്നിവരും മന്ത്രിക്കൊപ്പം ആശുപത്രിയിലെത്തി.