കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ കുറിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം. രോഗം പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. രോഗലക്ഷണമുള്ളവരുമായുള്ള നേരിട്ടുള്ള സമ്ബര്‍ക്കം ഒഴിവാക്കണം. രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്‌കും ധരിക്കണം. രോഗി ഉപയോഗിക്കുന്ന തോര്‍ത്ത് പോലുള്ള വസ്ത്രങ്ങള്‍ മറ്റാരും ഉപയോഗിക്കരുതെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു.
അതേസമയം വൈറസ് ഏത് ജീവിയില്‍ നിന്നാണ് പടര്‍ന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത് സ്ഥിരീകരിക്കാന്‍ പ്രത്യേക സംഘം ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തുമെന്നും അവര്‍ അറിയിച്ചു. പേരാമ്ബ്രയിലെത്തിയ സംഘം വൈറസ് ബാധിച്ച് മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. ആരോഗ്യ മന്ത്രി കെകെ ശൈലജയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രോഗം പടരാതിരിക്കാനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സംഘത്തിലെ ഡോ സുജിത്ത് പറഞ്ഞു.
പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അപ്പപ്പോള്‍ അവലോകനം ചെയ്ത് നടപടി സ്വീകരിച്ചു വരുന്നുമുണ്ട്. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ എടുത്ത് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായിവിജയും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.