നിപ്പാ വൈറസ് ഈ വര്‍ഷം വീണ്ടുമെത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനവും നിതാന്ത ജാഗ്രതയും കാരണം രോഗം നിയന്ത്രണ വിധേയമായിഎന്ന വാര്‍ത്തയും പുറത്തു വന്നിരിക്കുകയാണിപ്പോള്‍.
നിപ്പാ ബാധിതനായ പറവൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ നില കൂടുതല്‍ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞു. രോഗബാധ സംശയിക്കപ്പെട്ട് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന ആറ് പേര്‍ക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് പേരാമ്പ്രയില്‍ പടര്‍ന്ന നിപ്പാ വൈറസ് ബാധയെ പ്രതിരോധിച്ചതിന്റെ അനുഭവവും പരിചയവുമാണ് ഇത്തവണ പെട്ടെന്നു തന്നെ രോഗം നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പേ ആരോഗ്യ വകുപ്പ് ജാഗ്രത്താകുകയും ആവശ്യമായ സംവിധാനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സജ്ജമാക്കുകയും രോഗബാധ ഉണ്ടാകാന്‍ സാധ്യതയുള്ള ആളുകളെയെല്ലാം കണ്ടെത്തി നിരീക്ഷണ വിധേയമാക്കുകയും ചെയ്‌തിരുന്നു. ഇതിന് കേന്ദ്രത്തില്‍ നിന്ന് മികച്ച സഹകരണവും ലഭിച്ചു. ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറക്കുകയും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി രണ്ട് തവണ ആശയവിനിമയം നടത്തുകയുമുണ്ടായി. കേന്ദ്ര സര്‍ക്കാറിന്റെ പക്കലുള്ള റിബാവിറിന്‍ പ്രതിരോധ മരുന്ന് ആവശ്യത്തിന് എത്തിക്കുകയും ചെയ്‌തു.
അതീവ അപകടകാരിയാണ് നിപ്പാ വൈറസ.് പത്ത് വര്‍ഷം മുമ്പാണ് ലോകാരോഗ്യ സംഘടന ഇത് കണ്ടെത്തി ഏറ്റവും അപകടകാരികളായ പത്ത് വൈറസുകളില്‍ ഒന്നായി പ്രഖ്യാപിച്ചത്.
വവ്വാലുകളില്‍ നിന്ന് ഇത് മനുഷ്യരിലേക്ക് എത്തുമ്പോള്‍ മറ്റു വൈറസുകളേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിച്ച് തലച്ചോറിനെയും മറ്റ് അവയവങ്ങളെയും ബാധിക്കുമെന്നതാണ് ഇതിനെ കൂടുതല്‍ മാരകമാക്കുന്നത.് തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തി പ്രതിരോധിക്കാനായില്ലെങ്കില്‍ രോഗബാധിതരില്‍ 70 ശതമാനത്തിന്റെയും മരണത്തിന് ഇടയാക്കുന്നു എന്നാണ് ആരോഗ്യ വിദഗ്‌ധര്‍ കണ്ടെത്തിയിട്ടുള്ളത്. അടുത്ത കാലത്ത് മലേഷ്യയില്‍ നിപ്പാ വൈറസ് ബാധിച്ച് നിരവധി പേര്‍ മരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് പേരാമ്പ്രക്കടുത്ത് പന്തിരിക്കരയിലെ ഉപയോഗിക്കാതെ കിടന്ന ഒരു കിണര്‍ വൃത്തിയാക്കാന്‍ ശ്രമിച്ചവര്‍ക്കാണ് പനിപിടിച്ച് രോഗം പെട്ടെന്ന് മൂര്‍ഛിച്ചത്. രോഗം രണ്ടാമത്തെയാളെ ബാധിച്ചപ്പോഴേക്കും രോഗകാരണം നിപ്പാ വൈറസാണെന്ന് കണ്ടെത്തുകയും അതിനെതിരെ ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു. നിപ്പാ സ്ഥിരീകരിക്കുന്നതിനു മുമ്പേ ആരോഗ്യ സംവിധാനം ജാഗ്രതയിലാകുകയും നിപ്പാ സ്ഥിരീകരിച്ചതോടെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചു നീങ്ങുകയും ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്‌തു. ഇത് മൂലം വ്യാപനം തടയാനും മരണ സംഖ്യ നിയന്ത്രിക്കാനും സാധിച്ചു. കേരളത്തിന്റെ ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടിരുന്നു.
നിപ്പാ വ്യാപനം തടയാനായെങ്കിലും രോഗബാധ സമൂഹത്തില്‍ സൃഷ്ടിച്ച ഭീതി സംസ്ഥാനത്തിന്റെ ടൂറിസം, കയറ്റുമതി മേഖലകളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് സര്‍ക്കാറും ടൂറിസം വകുപ്പും. കഴിഞ്ഞ വര്‍ഷത്തെ നിപ്പാ ബാധയും പ്രളയവും വിതച്ച നഷ്ടത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് ഇപ്പോള്‍ മധ്യകേരളത്തില്‍ നിപ്പാ വൈറസ്‌ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് മണ്‍സൂണ്‍ ടൂറിസത്തിന് ഏറെ ദോഷം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.