കോഴിക്കോട്: നിപ്പാ വൈറസിനു ഹോമിയോപതിയില്‍ മരുന്നില്ലെന്ന് ആരോഗ്യവകുപ്പ്. നിപ്പയുടെ രണ്ടാം ഘട്ടത്തെ കുറിച്ച് ആശങ്ക വേണ്ടെന്നും ഹോമിയോപതിയില്‍ നിപ്പയ്ക്കു മരുന്നുണ്ടെന്നു ഹോമിയോ ഡോക്ടര്‍മാര്‍ ഇതുവരേയും അറിയിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് അറിയിച്ചു.
നിപ്പാ വൈറസിനെന്ന പേരില്‍ വ്യാജ പ്രതിരോധമരുന്നു വിതരണം ചെയ്ത സംഭവത്തില്‍ ശനിയാഴ്ച ഓഫീസ് അറ്റന്‍ഡറെ സസ്പെന്‍ഡു ചെയ്തിരുന്നു. കോഴിക്കോട്ട് മുക്കം സര്‍ക്കാര്‍ ഹോമിയോ ആശുപത്രി അറ്റന്‍ഡറെയാണ് സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഡോക്ടറുടെ അസാന്നിധ്യത്തില്‍ ജീവനക്കാരാണ് വെള്ളിയാഴ്ച കോഴിക്കോട്ട് മുക്കം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ മരുന്നു വിതരണം ചെയ്തത്. മരുന്ന് കഴിച്ച നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവര്‍ വീണ്ടും ആശുപത്രികളില്‍ ചികിത്സ തേടി. ഈ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിപ്പയ്ക്കു പ്രതിരോധ മരുന്നില്ലെന്ന് ആരോഗ്യവകുപ്പ് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.