നിപ്പ നിയന്ത്രണവിധേയമാകുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍. ഇതിനിടെ നിപ്പ സ്ഥിരീകരിച്ച രോഗി അമ്മയുമായി സംസാരിച്ചു. നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 10,000 ത്രീ ലെയര്‍ മാസ്‌കുകള്‍ പുതുതായി എത്തിച്ചു. 450 പഴ്‌സണല്‍ പ്രൊട്ടക്‌ഷന്‍ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനം നല്‍കി. വനംവകുപ്പ് വവ്വാലുകള്‍ കൂട്ടമായി കാണപ്പെടുന്ന സ്ഥലങ്ങള്‍ പരിശോധിച്ചു. മൂന്ന് പ്രധാന സ്ഥലങ്ങള്‍ കണ്ടെത്തി. ഇവയെ പിടികൂടുന്നതിനായി നെറ്റ് കെട്ടാന്‍ തീരുമാനിച്ചു. ഇതിന് ആവശ്യമായ കര്‍മപരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
സൈബര്‍ മോണിറ്ററിങ് ടീം നിപ്പയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കൂടുതല്‍ കര്‍ശനമാക്കി. ഇതേവരെ വ്യാജപ്രചാരണങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. ചികിത്സയിലുള്ള രോഗിക്ക് ചെറിയ പനി ഇടയ്‌ക്കിടയ്‌ക്ക് ഉണ്ടാകുന്നുണ്ട്. തുടര്‍ചികില്‍സയുടെ ഭാഗമായി ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.
രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതേവരെ കണ്ടെത്തിയിരിക്കുന്നത് 318 പേരെയാണ്. ഇവരെയെല്ലാം ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുക്കുകയും വിവരങ്ങള്‍ സൂക്ഷ്‌മമായി വിശകലനം ചെയ്യുകയും ചെയ്‌തു. ഇതില്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ള 52 പേര്‍ തീവ്രനിരീക്ഷണത്തിലാണ്. 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. രോഗിയുടെ സ്രവങ്ങളുമായി സാമീപ്യമുണ്ടായിട്ടുള്ളവരോ 12 മണിക്കൂറെങ്കിലും ഒരുമിച്ചുകഴിഞ്ഞിട്ടുള്ളവരോ ആണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നത്. മറ്റുള്ളവരെല്ലാം ലോ റിസ്‌ക് വിഭാഗത്തില്‍ പെടുന്നു.