കോഴിക്കോട്: പേരാന്പ്രയിലെ നിപ്പാ വൈറസ് ബാധയ്ക്കു പിന്നില്‍ പഴംതീനി വവ്വാലുകളെന്നു സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പേരാന്പ്രയിലെ ചങ്ങരോത്ത് മേഖലയിലെ പഴംതീനി വവ്വാലുകളാണ് നിപ്പാ വൈറസിന്റെ ഉറവിടമെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു.
ആദ്യഘട്ട പരിശോധനയ്ക്കായി ചങ്ങരോത്തുനിന്നു പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. ഇക്കാരത്തെ തുടര്‍ന്നാണ് പരിശോധനാ ഫലം നെഗറ്റീവ് ആയത്. രണ്ടാം ഘട്ടത്തില്‍ മേഖലയില്‍നിന്നു പിടികൂടിയ 55 വവ്വാലുകളില്‍ പഴംതീനി വവ്വാലുകളും ഉള്‍പ്പെട്ടു. ഇവയിലാണ് നിപ്പാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
മേയ് മാസത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവനാണ് നിപ്പാ വൈറസ് അപഹരിച്ചത്. എന്നാല്‍ രോഗത്തെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് പിടിച്ചുകെട്ടാന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളെ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നിപ്പാ രഹിത ജില്ലകളായി പ്രഖ്യാപിച്ചിരുന്നു.