വലിയ ജനകീയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താത്ത ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പെട്രോളിനും ഡീസലിനും സെസും തീരുവയും ഏര്‍പ്പെടുത്തിയത് സാധാരണക്കാര്‍ക്ക് വലിയ പ്രഹരമാണ്.
ചെറുകിട വ്യവസായികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അനുകൂലമായ നിരവധി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. സ്വകാര്യ ഉദാര വത്‌കരണ നയങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ബജറ്റ് പറയുന്നു.
പെട്രോളിനും ഡീസലിനും ഒരു രൂപ സെസും ഒരു രൂപ തീരുവയും ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രി പറഞ്ഞത്. ഇത് ലിറ്ററിന് രണ്ട് രൂപയുടെ വര്‍ധനവിനിടയാക്കും. പെട്രോള്‍, ഡീസല്‍ വില വര്‍ധന വിലക്കയറ്റതിനും കാരണമാകും. ചരക്ക് ഗതാഗത ചെലവ് കൂടും. ഇത് രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തും. സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ നിലവിലുള്ള പത്തില്‍ നിന്ന് 12.5 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. ഇത് പവന് 650 രൂപയുടെ വര്‍ധനവുണ്ടാക്കും. കോര്‍പറേറ്റ് നികുതിയുടെ പരിധി 250 കോടിയില്‍ നിന്ന് 450 കോടിയായി വര്‍ധിപ്പിച്ചു. 25 ശതമാനമാണ് കോര്‍പറേറ്റ് നികുതി.
അടിസ്ഥാന സൗകര്യ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ് കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക മേഖലയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് രാജ്യം തയ്യാറെടുത്തതായും സ്വകാര്യ നിക്ഷേപത്തിലൂടെ കൂടുതല്‍ പണം കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കമെന്നും മന്ത്രി വ്യക്തമാക്കി.
ഭവന വായ്‌പയിലും ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങുന്നതിലും നികുതി ഇളവ് പ്രഖ്യാപിച്ചു. 2020 മാര്‍ച്ച് 31 വരെയുള്ള ഭവന വായ്‌പക്ക് 1.5 ലക്ഷം രൂപയുടെ അധികനികുതി കിഴിവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയ്‌ക്ക് മേല്‍ പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ടി ഡി എസ് ചുമത്തും. രണ്ട് കോടി മുതല്‍ അഞ്ച് കോടിവരെ വരുമാനമുള്ളവര്‍ക്ക് മൂന്ന് ശതമാനവും അഞ്ച് കോടിക്ക് മുകളില്‍ ഏഴ് ശതമാനവും സര്‍ചാര്‍ജ് ചുമത്തുമെന്നും ബജറ്റ് പറയുന്നു.
രാജ്യാന്തര നിലവാരത്തില്‍ 17 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും. ഗ്രാമീണ മേഖലകളില്‍ 75000 സ്വയം തൊഴില്‍ പദ്ധതി നടപ്പാക്കും. വനിതകള്‍ക്ക് മുദ്രാ ലോണില്‍ പ്രത്യേക പരിഗണന നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ടി വി ചാനല്‍ തുടങ്ങും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.