ന്യൂഡല്‍ഹി: കര്‍ണാടകയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, കര്‍ണാടക മന്ത്രി സാ രാ മഹേഷിനോടു ക്ഷുഭിതയായതില്‍ വിശദീകരണവുമായി മന്ത്രാലയം രംഗത്ത്. മന്ത്രിയുടെ അറിവില്ലായ്മയാണ് ഈ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന്റെ അന്തസ് താഴ്‌ത്തിക്കാണിക്കുന്ന പ്രസ്താവനയാണ് ഭരണഘടനാപദവി വഹിക്കുന്ന മന്ത്രിയുടേതെന്നും മന്ത്രാലയം ആരോപിച്ചു.
കഴിഞ്ഞ ദിവസം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം നിര്‍മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് വിവാദങ്ങള്‍ക്കിടയാക്കിയ സംഭവമുണ്ടായത്.സമയം വൈകുന്നു, വാര്‍ത്താ സമ്മേളനം നിര്‍ത്താന്‍ സമയമായെന്ന് മന്ത്രി സാ രാ മഹേഷ് സൂചിപ്പിച്ചതാണ് നിര്‍മലയെ ചൊടിപ്പിച്ചത്. ഒരു സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രിയെ നിയന്ത്രിക്കുന്നുവെന്നും ഇത് അവിശ്വസനീയമാണെന്നും നിര്‍മല പറഞ്ഞിരുന്നു.
ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് കുടക് ജില്ലാ ഭരണകൂടമാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശന കാര്യങ്ങള്‍ തീരുമാനിച്ചത്. മന്ത്രിയുടെ സന്ദര്‍ശനത്തിന് രണ്ടു ദിവസം മുന്പേ തന്നെ പങ്കെടുക്കേണ്ട പരിപാടികളുടെ പട്ടികയ്ക്ക് രൂപം നല്‍കിയിരുന്നു. പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം മുന്‍ സൈനികരുമായി ഒരു കൂടിക്കാഴ്ച കൂടി പരിപാടിയുടെ ഭാഗമാക്കി. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മുന്‍ നിശ്ചയപ്രകാരം നിര്‍മല മുന്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തി. പ്രളയം കാര്യമായി ബാധിച്ചവരായിരുന്നു അവരില്‍ മിക്കവരും.
ഇതിനിടെ കേന്ദ്രമന്ത്രി ആദ്യം കാണേണ്ടിയിരുന്നത് അധികൃതരെയാണെന്ന് ചൂണ്ടിക്കാട്ടി ജില്ലയുടെ ചുമതലയുണ്ടായിരുന്ന സംസ്ഥാന മന്ത്രി രംഗത്തെത്തി. എന്നാല്‍, പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഥമ പരിഗണന മുന്‍ സൈനികര്‍ക്കാണെന്നും ഈ കൂടിക്കാഴ്ചയ്ക്കുശേഷം അധികൃതരെ കാണാമെന്നും കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും അദ്ദേഹം അയഞ്ഞില്ല. ഇതേ തുടര്‍ന്ന് തര്‍ക്കം ഒഴിവാക്കുന്നതിനായി കേന്ദ്രമന്ത്രി മുന്‍ സൈനികരുമായുള്ള കൂടിക്കാഴ്ച വെട്ടിച്ചുരുക്കി അധികൃതരുമായി നിശ്ചയിച്ച ചര്‍ച്ചയ്‌ക്കെത്തുകയായിരുന്നു.