ജമ്മു കശ്‌മീരിലെ സിആര്‍പിഎഫ് ക്യാംപ് ആക്രമിച്ച് അഞ്ചു സൈനികരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന ആസൂത്രകനായ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ നിസാര്‍ അഹമ്മദിനെ യുഎഇ ഇന്ത്യയിലേക്കു നാടുകടത്തി. 2017 ഡിസംബറിലാണ് ലത്‌പോറയിലെ സൈനിക ക്യാംപിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. മൂന്നു ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
നാലടി മാത്രം ഉയരമുള്ള, 'കുട്ടിഭീകരന്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നിസാറിനെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച് എന്‍ഐഎയ്‌ക്ക് കൈമാറുകയായിരുന്നു. ഈ വര്‍ഷം ആദ്യമായാണ് ഇയാള്‍ യുഎഇയിലേക്കു രക്ഷപ്പെട്ടത്. ജയ്‌ഷ് ഡിവിഷനല്‍ കമാന്‍ഡര്‍ നൂര്‍ താന്ത്രെയുടെ സഹോദരനാണ് നിസാര്‍. 2017 ഡിസംബറില്‍ കശ്‌മീര്‍ താഴ്‌വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നൂര്‍ കൊല്ലപ്പെട്ടിരുന്നു.
നിസാറിനെതിരെ എന്‍ഐഎ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കുറ്റവാളികളെയും ഭീകരരെയും കൈമാറുന്നതില്‍ ഇന്ത്യയോട് യുഎഇ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.