പി.എന്‍.ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി തള്ളി. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ വജ്രവ്യാപാരിക്ക് ജയിലില്‍ കഴിയേണ്ടിവരും. വെസ്റ്റ്‌മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിന് വേണ്ടി നീരവിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ പരിഗണിച്ച് നേരത്തെ നീരവ് മോദിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് നീരവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്തത് പുറത്ത് വന്നതിന് പിന്നാലെയാണ് നീരവ് മോദി രാജ്യം വിട്ടത്. ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്‌ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.