• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഡ്രൈവിങ് ലൈസന്‍സ് ഇനി കൊണ്ടുനടക്കണ്ട; സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യിലുണ്ടായാല്‍ മതി

തിരുവനന്തപുരം: വാഹനം ഓടിക്കുമ്ബോള്‍ ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി (വാഹന റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) ബുക്ക് എന്നിവയുടെ ഒറിജിനല്‍ വാഹനത്തില്‍ കരുതണമെന്ന നിയമം ഇനിമുതല്‍ സംസ്ഥാനത്തു ബാധകമല്ല. ഈ രേഖകളുടെ ഡിജിറ്റല്‍ രൂപം മൊബൈലില്‍ കരുതിയാല്‍ മതിയാകുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹറ അറിയിച്ചു.

ഒറിജിനല്‍ രേഖകള്‍ക്കു നല്‍കുന്ന മൂല്യം തന്നെ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്പുകളില്‍ സൂക്ഷിച്ചുവെക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് നല്‍കുമെന്ന് ബഹറ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാര്‍ ട്രാഫിക് പരിശോധനയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാഹന പരിശോധനയില്‍ ഡിജിലോക്കര്‍, എംപരിവാഹന്‍ തുടങ്ങിയ ആപ്പുകളുടെ സഹായത്തോടെ രേഖകള്‍ സമര്‍പ്പിച്ചിട്ടും അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് പുതിയ നിയമം നടപ്പില്‍വരുത്തിയത്. രാജ്യ വ്യാപകമായി നടപ്പാക്കുന്ന നിയമം ആദ്യം ഏറ്റെടുത്തത് ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയിലൂടെ ലഭ്യമാകുന്ന രേഖകള്‍ പരിഗണിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സേവനം ലഭ്യമാക്കാന്‍ ഉപയോക്താക്കള്‍ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയില്‍ ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ആധാര്‍ നമ്ബറുമായി ബന്ധിപ്പിക്കണം. ശേഷം ബന്ധപ്പെട്ട രേഖകളും അനുബന്ധ വിവരങ്ങളും ആപ്പില്‍ സൂക്ഷിക്കാം. ട്രാഫിക് പൊലീസോ മറ്റേതെങ്കിലും അധികാരികളോ ആവശ്യപ്പെടുന്ന പക്ഷം ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയാകും.

ഉപയോക്താക്കള്‍ നല്‍കുന്ന ക്യൂ.ആര്‍. കോഡില്‍ നിന്നാവും അധികാരികള്‍ വിവരങ്ങള്‍ ശേഖരിക്കുക. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം സര്‍ക്കാരിന്റെ തന്നെ 'വാഹന്‍', 'സാരഥി' എന്നീ ഡാറ്റാ ബേസുകള്‍ ഉപയോഗിച്ച്‌ നടപടികള്‍ സ്വീകരിക്കാനും കഴിയും.

Top