• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പാസ്പോര്‍ട്ടിന് ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. വിവാഹമോചനം നേടിയ സ്ത്രീകള്‍ അപേക്ഷാ ഫോറത്തില്‍ മുന്‍ ഭര്‍ത്താവിന്റെയൊ, മുന്‍വിവാഹത്തിലെ കുട്ടികളുടെയൊ പേരുകള്‍ എഴുതേണ്ടെന്നും മന്ത്രി പറഞ്ഞു. പാസ്പോര്‍ട്ട് സേവാദിനത്തില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ നിര്‍ബന്ധിക്കുകയാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മുന്‍ ഭര്‍ത്താവിന്റെയും മുന്‍ വിവാഹത്തിലെ കുട്ടികളുടെയും പേരുകള്‍ എഴുതണമെന്ന നിബന്ധനയ്ക്കെതിരേ വിവാഹമോചനം നേടിയ ഒട്ടേറെ സ്ത്രീകളും പരാതിപ്പെട്ടു. അതിനാല്‍ ഈ മാനദണ്ഡവും നീക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്ബതിമാരെ ലഖ്നൗ പാസ്പോര്‍ട്ട്സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ അപമാനിച്ച സംഭവം അടുത്തിടെ വിവാദമായിരുന്നു.

പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ മന്ത്രി പുറത്തിറക്കി. 'പാസ്പോര്‍ട്ട് സേവ' എന്ന ആപ്പ് ഉപയോഗിച്ച്‌ രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും പാസ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ആപ്പില്‍ നല്‍കുന്ന വിലാസത്തില്‍ പോലീസ് വെരിഫിക്കേഷന്‍ നടത്തും. ഈ വിലാസത്തിലേക്കാവും പാസ്പോര്‍ട്ട് അയയ്ക്കുക.

Top