തിരുവല്ല: ( 16.07.2018) പാര്‍ട്ടി വിട്ടതിന്റെ പേരില്‍ സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് ഭാരവാഹിയും ചേര്‍ന്ന് മര്‍ദിച്ചതായി യുവാവിന്റെ പരാതി. സ്വന്തം ഫേസ് ബുക്ക് പേജില്‍ യുവാവ് ഇട്ട പോസ്റ്റിനെ ചൊല്ലിയായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ യുവാവിന്റെ വീടുകയറി അക്രമിച്ച് അമ്മയേയും മര്‍ദിച്ചു.
പെരിങ്ങര തെക്കേക്കുറ്റ് പടിഞ്ഞാറേതില്‍ ജിജോ അല്‍ഫോന്‍സ് (ജയകുമാര്‍- 28), അമ്മ ജഗദമ്മ (50) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഗ്രാമപഞ്ചായത്ത് അംഗവും സി പി എം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സന്ദീപ്, മേഖലാ ഭാരവാഹി വിജിത്ത് എന്നിവര്‍ ആക്രമിച്ചെന്ന് കാട്ടിയാണ് യുവാവും അമ്മയും പുളിക്കീഴ് പോലീസില്‍ നല്‍കിയത്.
വെളളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സംഭവം സംബന്ധിച്ച് ജയകുമാര്‍ നല്‍കിയ പരാതിയിങ്ങനെ. പെരിങ്ങര ജംഗ്ഷന് സമീപത്തെ കടത്തിണ്ണയില്‍ നില്‍ക്കുകയായിരുന്ന തന്നോട് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിനെ സംബന്ധിച്ച് ചോദിക്കാനെത്തിയ സന്ദീപും വിജിത്തും യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നു.
തലയ്ക്കും കഴുത്തിലും നെഞ്ചിലും മര്‍ദനമേറ്റ തന്റെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഇരുവരും സ്‌കൂട്ടറില്‍ കയറി സ്ഥലത്ത് നിന്നും പോയി. തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതറിഞ്ഞ ഇരുവരും എട്ടു മണിയോടെ തന്റെ വീട്ടിലെത്തി അമ്മ ജഗദമ്മയെ മര്‍ദിക്കുകയും വീടിന്റെ ജനാലകള്‍ അടിച്ചു തകര്‍ക്കുകയും പരാതിയുമായി മുന്നോട്ട് പോയാല്‍ കൊന്നുകളയുമെന്നും വീട് തീയിട്ട് നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
റേഷന്‍ കടയില്‍ നിന്നും അരി ലഭിക്കുന്നില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ജയകുമാര്‍ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേരെടുത്ത് പറയാതെ ഇട്ട പോസ്റ്റിന്റെ പേരിലാണ് മര്‍ദനവും അക്രമവും നടത്തിയതെന്നാണ് ജയകുമാറിന്റെ ആരോപണം. ആക്രമണം സംബന്ധിച്ച് വനിതാ കമ്മിഷനിലും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.
മര്‍ദിച്ചുവെന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്തതായും മാതാവ് ജഗദമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷം മേല്‍നടപടി സ്വീകരിക്കുമെന്നും എസ് ഐ മോഹനചന്ദ്ര ബാബു പറഞ്ഞു.