• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

യുവതി മല ചവിട്ടാതെ പിന്‍മാറി, ശബരിമലയില്‍ എത്തിയത് ഭര്‍ത്താവിന്റെ ഭീഷണിമൂലം

പമ്ബ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ ദര്‍ശനത്തിനായി എത്തിയ യുവതി മല ചവിട്ടാതെ പിന്‍മാറി. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് യുതി പൊലീസിനോട് പറഞ്ഞു. പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദര്‍ശനത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭര്‍ത്താവ് പിന്‍മാറിയിരുന്നില്ല. തനിക്കും കുടുംബത്തിനും ദര്‍ശനം നടത്താനുള്ള എല്ലാവിധ സൗകര്യം ഒരുക്കിത്തരണമെന്ന നിലപാടില്‍ ഭര്‍ത്താവ് ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് യുവതിയുടെ ചേര്‍ത്തലയുള്ള ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ബന്ധുക്കളുടെ അറിവോടെയല്ല ഇവര്‍ സന്ദര്‍ശനത്തിനെത്തിയത്. അതേസമയം, യുവതി ആവശ്യപ്പെടുകയാണെങ്കില്‍ ദര്‍ശനത്തിനായുള്ള സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് എസ്.പി രാഹുല്‍ ആര്‍.നായര്‍ അറിയിച്ചു. ദര്‍ശനത്തിനെത്തിയ യുവതി പിന്‍മാറിയതോടെയാണ് സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചത്.

ദര്‍ശനത്തിന് യുവതി എത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ പമ്ബയില്‍ പ്രതഷേധങ്ങള്‍ ആരംഭിച്ചിരുന്നു. പമ്ബ ഗണപതി കോവിലിന് സമീപം കെ.പി ശശികലയുടെ നേതൃത്വത്തിലാണ് ശരണമന്ത്രങ്ങള്‍ ജപിച്ചുകൊണ്ടുള്ള പ്രതിഷേധം. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കൂട്ടംകൂടാനാവില്ലെന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് പ്രതഷേധക്കാരെ അറിയിച്ചു. എന്നാല്‍ പ്രതഷേധത്തില്‍നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായിട്ടില്ല. എന്നാല്‍ യുവതി പമ്ബയില്‍ എത്തിയത് സി.പി.എമ്മിന്റെ ആസൂത്രിത നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രതിഷേധം കണ്ട് ദര്‍ശനത്തിനില്ലെന്ന് ഭാര്യ പറഞ്ഞിട്ടും ഭര്‍ത്താവായ സി.പി.എമ്മുകാരന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമെന്ന് ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ചേര്‍ത്തല സ്വദേശിയായ അഞ്ജു (25) ആണ് ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ദര്‍ശനത്തിനായി പമ്ബയില്‍ എത്തിയത്. വൈകീട്ട് അഞ്ചരയോടെ കെ.എസ്.ആര്‍.ടി.സിയില്‍ പമ്ബയില്‍ എത്തിയ ഇവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തി സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Top