• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് കയറ്റില്ല; ദര്‍ശനത്തിനായി സ്ത്രീകള്‍ അപേക്ഷിച്ചിട്ടില്ലെന്ന് കടകംപളളി

തൃശൂര്‍: ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുളള ഇടമല്ല ശബരിമല എന്ന് ആവര്‍ത്തിച്ച്‌ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ആക്ടിവിസ്റ്റുകള്‍ എന്ന പേരില്‍ ഗൂഢലക്ഷ്യങ്ങളോടെ എത്തുന്നവര്‍ക്കുളള സ്ഥലമല്ല ശബരിമല. സര്‍ക്കാര്‍ ഈ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നു. ഇത്തരത്തില്‍ വരുന്നവരെ തടയുമെന്നും മന്ത്രി പറഞ്ഞു.

തുലാമാസ പൂജയ്ക്കായി നട തുറന്ന സന്ദര്‍ഭത്തില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനാണ് മന്ത്രി ഇക്കാര്യം ആദ്യം പറഞ്ഞത്. തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ രഹ്ന ഫാത്തിമയ്ക്ക് മടങ്ങിപോകേണ്ടി വന്നിരുന്നു.

സ്ത്രീകള്‍ ആരും ശബരിമലയില്‍ കയറണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിശ്വാസികള്‍ക്ക് പൂര്‍ണസുരക്ഷ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പൊലീസ് സാന്നിധ്യം ശബരിമല ദര്‍ശനത്തിന് തടസമാകില്ല. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുകയാണ് പൊലീസിന്റെ ഉത്തരവാദിത്വം. ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ല. മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ വരേണ്ടതില്ല എന്ന മന്ത്രിയുടെ മുന്‍ പരാമര്‍ശത്തെ തളളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നിരുന്നു. ആക്ടിവിസ്റ്റ് ആയതിന്റെ പേരില്‍ ശബരിമലയില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കാനാവില്ലെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കാമെന്ന് സുപ്രിം കോടതി വിധി. ആക്ടിവിസ്റ്റ് ആയതിന്റെ പേരില്‍ അതു നിഷേധിക്കുന്ന നിലപാട് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top