• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നോട്ട്‌ നിരോധനം, ജിഎസ്‌ടി: 2 വര്‍ഷത്തില്‍ 50 ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നഷ്ടം

നോട്ട്‌ നിരോധനത്തിനു പിന്നാലെ 2 വര്‍ഷം കൊണ്ട്‌ 50 ലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടെന്ന്‌ റിപ്പോര്‍ട്ട്‌. ബെംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാലയിലെ ദി സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എംപ്ലോയ്‌മെന്റാണ്‌ പഠന റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. തൊഴിലില്ലായ്‌മ വര്‍ധിക്കാന്‍ തുടങ്ങിയത്‌ 2016 നവംബറിനുശേഷമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയത്‌ 2016 നവംബര്‍ 8ന്‌ ആയിരുന്നു.

നോട്ട്‌ നിരോധനമാണ്‌ തൊഴില്‍ കുറയാന്‍ കാരണമെന്ന്‌ തെളിയിക്കുന്ന വസ്‌തുതകളൊന്നും പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഈ നീക്കത്തിനു പിന്നാലെയാണ്‌ തൊഴില്‍ കുറഞ്ഞതെന്ന കണക്കുകള്‍ 'സ്‌റ്റേറ്റ്‌ ഓഫ്‌ വര്‍ക്കിങ്‌ ഇന്ത്യ 2019' എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ സര്‍വകലാശാല ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

സ്‌ത്രീകളുടെ കാര്യത്തില്‍ തൊഴില്‍ നഷ്ടം വളരെ ഉയര്‍ന്ന തോതിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ട്‌ നിരോധനം തൊഴില്‍ കുറയാന്‍ കാരണമായോ ഇല്ലയോ എന്നതിനേക്കാള്‍ ആ നീക്കം ആശങ്കയുണ്ടാക്കിയെന്നും ഉടന്‍തന്നെ നയപരമായ ഇടപെടല്‍ ഉണ്ടാകേണ്ടതാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

2011ന്‌ മുന്‍പ്‌ തൊഴിലില്ലായ്‌മ വളരെയധികം വര്‍ധിച്ചിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും യുവാക്കളും തൊഴിലില്ലാത്തവരുടെ ഗണത്തില്‍പ്പെട്ടു. എന്നാല്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക്‌ പിന്നെയും തൊഴില്‍ ലഭിച്ചപ്പോള്‍ വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക്‌ വലിയ തോതില്‍ തൊഴില്‍ നഷ്ടപ്പെട്ടു. തൊഴില്‍ ചെയ്യാനുള്ള അവസരങ്ങളും കുറഞ്ഞു. നോട്ട്‌ നിരോധനവും ജിഎസ്‌ടി നടപ്പാക്കലും അസംഘടിത മേഖലയിലാണ്‌ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്‌.

2017-18 വര്‍ഷത്തിലെ തൊഴിലില്ലായ്‌മ നിരക്ക്‌ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്‌ ഈ വര്‍ഷമാദ്യം ചോര്‍ന്നിരുന്നു. 2017 ജൂലൈ  2018 ജൂണ്‍ കാലയളവില്‍ ദി നാഷനല്‍ സാംപിള്‍ സര്‍വേ ഓഫിസിന്റെ പീരിയോഡിക്‌ ലേബര്‍ ഫോഴ്‌സ്‌ സര്‍വേയുടെ റിപ്പോര്‍ട്ടില്‍ 6.1% ആണ്‌ തൊഴിലില്ലായ്‌മയുടെ നിരക്ക്‌. 1972  73 കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. എന്നാല്‍ ഈ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ പുറത്തുവിട്ടില്ല.
 

Top