തൊട്ടതെല്ലാം പൊന്നാണ് നൊവാക് ജോക്കോവിച്ചിന്. ഫോമിന്റെ പാരമ്യത്തിലാണ് ഈ സെര്‍ബിയന്‍ ഇതിഹാസം. ഈ വര്‍ഷം വിംബിള്‍ഡണ്‍ കിരീടം, യുഎസ് ഓപ്പണ്‍ കിരീടം, എല്ലാ മാസ്റ്റേഴ്സ് കിരീടങ്ങളും അങ്ങനെ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്. ഇപ്പോള്‍ ഷാങ്ഹായില്‍ നാലാം കിരീടമെന്ന റെക്കോര്‍ഡ്. ഫെഡററെ തോല്പിച്ചെത്തിയ കോറിച്ചിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത് കിരീടം നേടിയത് വഴി ഒന്നാം സ്ഥാനത്തിലേക്ക് ഇനി 35 പോയിന്റ് ദൂരം മാത്രം. 6-4,6-4 എന്ന സ്കോറിനാണ് ജോക്കോവിച്ച് ജയിച്ചു കയറിയത്. പരിക്ക് മൂലം റാഫേല്‍ നദാല്‍ കളിച്ചില്ല എന്നത് ജോക്കോവിച്ചിന് കാര്യങ്ങള്‍ എളുപ്പമാക്കി.
നിലവിലെ ചാമ്ബ്യനായ ഫെഡറര്‍ക്ക് സെമിയില്‍ കാലിടറിയതോടെ രണ്ടാം സ്ഥാനവും സ്വന്തമായി. കഴിഞ്ഞ 18 പ്രൊഫഷണല്‍ മത്സരങ്ങളിലും ജോക്കോവിച്ച് തോല്‍വി അറിഞ്ഞിട്ടില്ല എന്നതും കൂടെ നോക്കിയാല്‍ ജോക്കോവിച്ചിന് പോന്ന എതിരാളികള്‍ ഇപ്പോള്‍ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഇനിയും 3 ആഴ്ചകള്‍ കൂടെ ശേഷിക്കുന്നതിനാല്‍ നദാലില്‍ നിന്ന് ഒന്നാം സ്ഥാനവും നൊവാക് തട്ടിയെടുക്കുമെന്നതില്‍ സംശയമില്ല.