• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വ്യവസായിയുടെ ആത്മഹത്യ: നാല്‌ പേര്‍ക്കു സസ്‌പെന്‍ഷന്‍

കണ്ണൂര്‍ ജില്ലയിലെ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല്‌ ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. നഗരസഭ സെക്രട്ടറി കെ.ഗിരീഷ്‌, അസി.എന്‍ജിനീയര്‍ കെ.കലേഷ്‌, ഫസ്റ്റ്‌ ഗ്രേഡ്‌ ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണു സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ വീഴ്‌ചയുണ്ടായതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായതിനെത്തുടര്‍ന്നാണു നടപടി.

കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എ.സി.മൊയ്‌തീന്‍ പറഞ്ഞു. മരിച്ച സാജന്റെ ഭാര്യ ആവശ്യപ്പെട്ടാല്‍ പൊലീസും ഇക്കാര്യം അന്വേഷിക്കും. നഗരസഭ അധ്യക്ഷയുടെ ഭാഗത്തുനിന്ന്‌ വീഴ്‌ച ഉണ്ടായില്ലെന്നാണു മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാജന്റെ കെട്ടിടത്തിനു ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതില്‍ വീഴ്‌ച ഉണ്ടായോ എന്ന്‌ നഗരവകുപ്പ്‌ റീജിയണല്‍ ഡയറക്ടറും കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചോ എന്ന്‌ സിടിപി വിജിലന്‍സിന്റെ നേതൃത്വത്തിലും അന്വേഷിക്കാന്‍ നേരത്തേ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

അന്വേഷണം പുരോഗമിക്കുകയാണ്‌. ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വിവരം കണ്ണൂര്‍ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട്‌ പറഞ്ഞതിനെ സംബന്ധിച്ച്‌ അറിയില്ലെന്നും സര്‍ക്കാര്‍ കാര്യം പറയാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതുതായി പണിത പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിനു നഗരസഭയില്‍ പല തവണ കയറിയിറങ്ങിയിട്ടും ഉടമസ്ഥാവകാശരേഖ കിട്ടാതെ വലഞ്ഞാണു കെട്ടിടനിര്‍മാതാവായ സാജന്‍ ജീവനൊടുക്കിയതെന്നാണു ബന്ധുക്കളുടെ ആരോപണം.

Top