• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എന്‍എസ്‌എസിന്റേത്‌ സമദൂര നിലപാടാണെന്ന്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍

എന്‍എസ്‌എസിന്റേത്‌ സമദൂര നിലപാടാണെന്ന്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്നാല്‍ ഈശ്വരവിശ്വാസത്തിന്റെയും ആചാരാനുഷ്‌ഠാനങ്ങളുടെയും സംരക്ഷണത്തിനായി വിശ്വാസിസമൂഹത്തോടൊപ്പം തന്നെ എന്‍എസ്‌എസ്‌ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈശ്വരവിശ്വാസവും ആചാരാനുഷ്‌ഠാനങ്ങളും ശബരിമലയുടെ പേരില്‍ ഇല്ലാതാക്കാനുള്ള അവസരമായി കണ്ട്‌ ഏകപക്ഷീയമായ നടപടികളാണു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്‌. ബിജെപിയും യുഡിഎഫും ആകട്ടെ, യുവതീപ്രവേശനത്തെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള നിലപാട്‌ സ്വീകരിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ്‌ എന്‍എസ്‌എസിന്‌ വിശ്വാസസംരക്ഷണത്തിനായി ഉറച്ചുനിലല്‍ക്കേണ്ടിവന്നത്‌. ജാതിമതരാഷ്ട്രീയ വ്യത്യാസം കൂടാതെ വിശ്വാസസംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എന്‍എസ്‌എസ്‌ ഏര്‍പ്പെട്ടതിന്റെ ഫലമായി സംസ്ഥാനമൊട്ടാകെ വിശ്വാസികളുടെ കൂട്ടായ്‌മയും നാമജപഘോഷയാത്രകളും തുടര്‍ച്ചയായി നടന്നു. സംസ്ഥാന സര്‍ക്കാരാകട്ടെ, അതിനെ പരാജയപ്പെടുത്തുവാന്‍ അധികാരവും ഖജനാവും ഉപയോഗിച്ചു. എല്ലാ കുത്സിതമാര്‍ഗ്ഗങ്ങളും സ്വീകരിച്ചെങ്കിലും വിശ്വാസികളെ കീഴടക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

അതേസമയം, രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ്‌ ബിജെപിയും കോണ്‍ഗ്രസും ഇതിനെ കണ്ടത്‌. ബിജെപി ഇതിനെതിരെ നിയമനടപടികളിലൊന്നും ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീപ്രവേശനം തടയാന്‍ ശ്രമിച്ചപ്പോള്‍ യുഡിഎഫ്‌ യുവതീപ്രവേശനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയുമാണ്‌ ചെയ്‌തത്‌. അധികാരം കയ്യിലിരുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈശ്വരവിശ്വാസവും ആചാരാനുഷ്‌ഠാനങ്ങളും നിലനില്‌ക്കണമെന്ന വിശ്വാസികളുടെ മൗലികാവകാശത്തെ സംരക്ഷിക്കുവാനാവശ്യമായ യാതൊരു നിയമനടപടിയും സ്വീകരിക്കാന്‍ തയാറായില്ല. ഇനി കോടതി മാത്രമാണ്‌ വിശ്വാസികള്‍ക്ക്‌ അഭയമായിട്ടുള്ളത്‌. അദ്ദേഹം വ്യക്തമാക്കി.

Top