കൊച്ചി: ബിഷപ്പ് തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും മദര്‍ ജനറല്‍ എല്ലാറ്റിനും കൂട്ടു നില്‍ക്കുകയായിരുന്നെന്നും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയുടെ കത്ത്. മിഷനറീസ് ഓഫ് ജീസസിന് ജൂണ്‍ 23 ന് നല്‍കിയ കത്ത് ചില മാധ്യമങ്ങള്‍ പുറത്തു വിട്ടു. അന്തസ്സും അവകാശങ്ങളും നില നിര്‍ത്താന്‍വേണ്ടിയാണ് ചിലര്‍ മഠം വിട്ടു പോയതെന്നും കത്തില്‍ പറയുന്നു.
മഠത്തില്‍ തുടരണമെങ്കില്‍ ബിഷപ്പിനെ തൃപ്തിപ്പെടുത്തുകയും മദര്‍ ജനറലിനെ പ്രീതിപ്പെടുത്തുകയും വേണം. അല്ലാത്തവര്‍ക്ക് മൂന്നാംകിട പരിഗണനയാണ് കിട്ടിയിരുന്നത്. നാല് കന്യാസ്ത്രീകള്‍ക്ക് ബിഷപ്പിന്റെ മോശം പെരുമാറ്റവും ഭീഷണിയും നേരിടേണ്ടി വന്നെന്നും ബിഷപ്പിന്റെ ഭീഷണിയോട് പ്രതികരിച്ച അഞ്ചു കന്യാസ്ത്രീകള്‍ക്ക് മഠം നീതി ഉറപ്പാക്കിയില്ലെന്നും കത്തില്‍ പറയുന്നുണ്ട്. 2017 ജൂലൈയില്‍ തന്നെ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച പരാതി മദര്‍ ജനറലിന് നല്‍കിയതാണ് എന്നാല്‍ അത് അവര്‍ അവഗണിക്കുകയായിരുന്നെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
നേരത്തേ ജലന്ധര്‍ ബിഷപ്പുമായുള്ള ഫോണ്‍ സംഭാഷണം അടങ്ങിയ മൊബൈല്‍ കൈവശമുണ്ടെന്ന് കന്യാസ്ത്രീ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ കയ്യിലില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ബിഷപ്പിനെതിരായ കേസില്‍ കര്‍ദ്ദിനാളിനും പാലാബിഷപ്പിനും കന്യാസ്ത്രീ നേരത്തേ പരാതി നല്‍കിട്ടുണ്ട് എന്ന് മൊഴി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പാലാ ബിഷപ്പിനെയും കുറവിലങ്ങാട് വികാരിയുടെയും മൊഴിയെടുക്കും.
ബിഷപ്പിനെതിരേ നേരത്തേ കുറവിലങ്ങാട് വികാരിയേയും കന്യാസ്ത്രീയുടെ വീട് നില്‍ക്കുന്ന കോടനാട് സഭാ നേതൃത്വത്തെയും അറിയിച്ചിട്ടും നടപടിയെടുക്കാഞ്ഞതിനാലാണ് പോലീസില്‍ പോയതെന്നാണ് കന്യാസ്ത്രീ വ്യക്തമാക്കുന്നത്. ഇവരുടെയെല്ലാം മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ബിഷപ്പിനെതിരേ ജലന്ധറിലെ മുതിര്‍ന്ന വൈദികനും രംഗത്ത് വന്നിട്ടുണ്ട്. കന്യാസ്ത്രീയ്‌ക്കെതിരേ ബിഷപ്പ് തന്നെക്കൊണ്ടു വ്യാജപരാതി നല്‍കിപ്പിച്ചെന്നാണ് ആരോപണം.