ഷാജി രാമപുരം
മാര്‍ത്തോമ്മ സഭയുടെ മുന്‍ സഭാ കൗണ്‍സില്‍ അംഗവും, മുന്‍ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് അംഗവും, നീണ്ട ഒന്‍പത് വര്‍ഷം നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ട്രഷറാറും ആയിരുന്ന ഡോ.ജോണ്‍ പി.ലിങ്കന്റെ (80) നിര്യാണത്തില്‍ മാര്‍ത്തോമ്മ സഭയ്‌ക്ക് വേണ്ടി മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായും, നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസും അനുശോചിച്ചു.
ടെക്‌സാസിലെ ലെബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയുടെ സ്ഥാപകനും, നോര്‍ത്ത് അമേരിക്കയിലെ മാര്‍ത്തോമ്മ അത്മായ നേതൃത്വ നിരയില്‍ പ്രമുഖനും, അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ലെബക്ക് എന്ന പട്ടണത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ പ്രമുഖനായ ദന്ത ഡോക്ടറും ആയിരുന്നു.
കാര്‍ത്തികപ്പള്ളി പാണ്ടിയാലക്കല്‍ പരേതരായ പി.പി ജോണിന്റെയും റേച്ചലിന്റെയും മകനായി ജനിച്ച ഡോ.ജോണ്‍ ലിങ്കണ്‍ വളര്‍ന്നതും പഠിച്ചതും മദ്രാസില്‍ ആയിരുന്നു. ആ കാലഘട്ടങ്ങളില്‍ ആ പ്രദേശത്തെ വൈദീകന്‍ ആയിരുന്ന ഇന്നത്തെ മാര്‍ത്തോമ്മ മെത്രാപ്പോലീത്തായും ആയി തുടങ്ങിയ അടുപ്പം പിന്നീട് അമേരിക്കയില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ എല്ലാം ഡോ.ലിങ്കന്റെ ഭവനത്തില്‍ മെത്രാപ്പൊലീത്ത വിശ്രമിച്ചേ മടങ്ങിപോകാറുള്ളു. ഡോ.ലിങ്കന്റെ വേര്‍പാട് മൂലം നല്ല ഒരു സഭാ സ്‌നേഹിതനെ ആണ് നഷ്ടപെട്ടത് എന്ന് ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി.
പ്രമുഖ ന്യുറോളജി സ്‌പെഷ്യലിസ്‌റ് ആയ ഡോ.ആനീ ലിങ്കണ്‍ ആണ് സഹധര്‍മ്മിണി. ഹ്യുസ്റ്റണില്‍ ഉള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് സെന്ററില്‍ ന്യുറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസര്‍ ആയ ഡോ.ജോണ്‍ അനില്‍ ലിങ്കണ്‍, ഡോ.എബ്രഹാം സുനില്‍ ലിങ്കണ്‍, ലീന റെയ്‌ച്ചല്‍ റേ എന്നിവരാണ് മക്കള്‍