തന്റെ ചെലവിനുള്ള പണം ഇപ്പോഴും അമ്മ തരാറുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കരി തേപ്പുപെട്ടി ഉപയോഗിച്ചാണു വസ്‌ത്രങ്ങളൊക്കെ തേച്ചിരുന്നത്. രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ആകെ മൂന്ന് മണിക്കൂര്‍ മാത്രമാണു താന്‍ ഉറങ്ങുന്നതെന്നും കുറച്ചുകൂടി ഉറക്കം വേണമെന്നു പലരും ഉപദേശിച്ചിട്ടുണ്ടെന്നും ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ മോദി പറഞ്ഞു.
വെറും മുന്ന് മണിക്കൂര്‍ ഉറങ്ങി എങ്ങനെയാണ് ഒരു ദിവസത്തെ മുന്നോട്ടു നയിക്കുന്നതെന്നുള്ള ചോദ്യത്തോടു യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമയും ഇതേ ചോദ്യം തന്നോടു ചോദിക്കുമായിരുന്നുവെന്നു മോദി മറുപടി നല്‍കി. കൂടുതല്‍ സമയം താന്‍ ഉറങ്ങിത്തുടങ്ങിയോ എന്നായിരുന്നു അദ്ദേഹം എപ്പോള്‍ കണ്ടാലും ചോദിക്കുക. മോദി കൂട്ടിച്ചേര്‍ത്തു.
ട്വിറ്റര്‍ അക്കൗണ്ട് കൃത്യമായി ശ്രദ്ധിക്കാറുണ്ടെന്നും തന്നെക്കുറിച്ചുളള ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നും മോദി പറയുന്നു. ഞാന്‍ തമാശകള്‍ പറയുന്നയാളാണ്. എന്നാല്‍ എളുപ്പത്തില്‍ വളച്ചൊടിക്കപ്പെടുമെന്നതിനാല്‍ സംസാരത്തില്‍ ബോധപൂര്‍വ്വം തമാശ ഒഴിവാക്കാറുണ്ടെന്നും മോദി പറയുന്നു. പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനാകണമെന്നാണു ആഗ്രഹം. അധികം ദേഷ്യപ്പെടാത്ത മനുഷ്യനാണു താന്‍. മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ല. പക്ഷേ ജോലിക്കാര്യത്തില്‍ കര്‍ക്കശക്കാരനാണ്. തനിക്ക് അധികം ദേഷ്യം വരാത്തതു പലരെയും അദ്‌ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ആദ്യമായി എംഎല്‍എ ആയപ്പോള്‍ സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലായിരുന്നു. സ്വന്തം അക്കൗണ്ടില്‍നിന്നു പലപ്പോഴും ജീവനക്കാര്‍ക്കു ശമ്പളം നല്‍കാറുണ്ട്. ഒരു സമയത്ത് സന്യാസിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. സൈന്യത്തില്‍ ചേരണമെന്നും ആഗ്രഹിച്ചിരുന്നു. പക്ഷേ പ്രധാനമന്ത്രിയാകുമെന്നു വിചാരിച്ചിട്ടേയില്ല. രാമകൃഷ്‌ണ മിഷന്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തെ വിട്ടിറങ്ങിയ ആളാണെന്നും മോദി അഭിമുഖത്തില്‍ പറയുന്നു.
രാജ്യം തിരഞ്ഞെടുപ്പു ചൂടിലായിരിക്കുന്ന അവസരത്തില്‍ രാഷ്ട്രീയത്തിനപ്പുറമുള്ള ഇത്തരം കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അഭിമുഖത്തിനുശേഷം അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്‌തു.