• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

Oklahoma may be first state to use nitrogen in executions amid lethal injection controversy

ഒക്‌ലഹോമ: വിഷമിശ്രിതം ഉപയോഗിച്ച് നടപ്പാക്കിയ പല വധശിക്ഷകളും വിവാദമായതിനെ തുടര്‍ന്ന് നൈട്രജന്‍ ഗ്യാസ് വധശിക്ഷക്ക് ഉപയോഗിക്കുവാന്‍ തീരുമാനിച്ചതായി മാര്‍ച്ച് 14 ബുധനാഴ്ച ഒക്‌ലഹോമ അധികൃതര്‍ പറഞ്ഞു.  അമേരിക്കയില്‍ നൈട്രജന്‍ ഗ്യാസ് വധശിക്ഷക്ക് ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറുകയാണ് ഒക്കലഹോമ.

ഈ വിഷ വാതകം ഉപയോഗിച്ച് എങ്ങനെ വധശിക്ഷ നടപ്പാക്കാം എന്ന് രണ്ട് ഏജന്‍സികള്‍ സംയുക്തമായി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടര്‍, കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജൊ ആള്‍ബ എന്നിവര്‍ അറിയിച്ചു. വിഷ മിശ്രിതത്തിന്റെ ലഭ്യത കുറവാണ് വിഷവാതകം ഉപയോഗിക്കുന്നതിന് അധികൃതരെ പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകം.

2015 മുതല്‍ ഒക്‌ലഹോമയില്‍ വധശിക്ഷ നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2014 ല്‍ വധശിക്ഷക്ക് വിധേയനാക്കാന്‍ ടേബിളില്‍ കിടത്തിയ പ്രതിയുടെ രക്തധമനികളിലൂടെ തെറ്റായ വിഷമിശ്രിതം കടത്തിവിട്ടതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാനായിരുന്നില്ല.

നൈട്രജന്‍ ഗ്യാസ് ഉപയോഗിക്കുന്നതോടെ വേദനരഹിതമായ മരണം ലഭിക്കുമെന്നാണ് പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ഇതിനിടെ അമേരിക്കയില്‍ വധശിക്ഷക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രത്യേകിച്ച് വിഷമിശ്രിതം ഉപയോഗിച്ച് നടക്കുന്ന വധശിക്ഷ ക്രൂരമാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

 

Top