• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പിണറായി സർക്കാരിന് നേട്ടം പറയാൻ യുഡിഎഫിൽ നിന്ന് കടമെടുക്കണം.

കോട്ടയം: പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷം പിന്നിടുന്ന വേളയില്‍ പുറത്തിറക്കിയ ഭരണനേട്ടങ്ങളുടെ പട്ടിക ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യങ്ങളില്‍ അവകാശപ്പെടുന്ന പല നേട്ടങ്ങളും തന്റെ സര്‍ക്കാരിന്റെ കാലത്തേതാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. പസ്യത്തില്‍ പറയാതെ പോയ കാര്യങ്ങളെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

സമാധാനം, മതനിരപേക്ഷത, വികസനം, സാമൂഹിക നീതി എന്ന തലക്കെട്ടിനു താഴെ 14 ഉപതലക്കെട്ടില്‍ 72 നേട്ടങ്ങളാണ് മെയ് 25ന് പരസ്യം ചെയ്തത്. രണ്ടു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങളാണിത്. അതില്‍ വിരലില്‍ എണ്ണാന്‍പോലുമുള്ള നേട്ടങ്ങളില്ല. സര്‍ക്കാരുകളുടെ തുടര്‍ പ്രക്രിയകള്‍ സ്വന്തം നേട്ടം എന്ന മട്ടില്‍ അവതരിപ്പി ച്ചിരിക്കുന്നു. മറ്റു നേട്ടങ്ങള്‍ വെറും പ്രസ്താവനകള്‍ എന്നല്ലാതെ വസ്തുതാപരമായകണക്കുകള്‍ ഇല്ല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച് മുഖ്യമന്ത്രി 2015 ജൂലൈ 15ന് ഉദ്ഘാടനം ചെയ്ത തകരപ്പറമ്പ് മേല്‍പ്പാലം പോലും പത്രപരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ആയുര്‍വേദ കോളജ് ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ഫെള്ക്‌സ് ബോര്‍ഡില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കി മുഖ്യമന്ത്രി 2017 മാര്‍ച്ച് 1ന് ഉദ്ഘാടനം ചെയ്ത കരമന- കളിയിക്കാവിള നാലുവരിപ്പാതയുടെ ചിത്രമാണ് നല്കിയിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 

ഇടതുസര്‍ക്കാരിന്റെ പരസ്യത്തിലെ അവകാശവാദങ്ങളും വസ്തുതകളും

സമാധാനം മതസൗഹാര്‍ദം

ഭദ്രമായ ക്രമസമാധാനം: 24 മാസംകൊണ്ട് 25 രാഷ്ട്രീയ കൊലപാതകങ്ങള്‍. ഇതില്‍ 12 എണ്ണം മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും 

നാടായ കണ്ണൂരില്‍. കേന്ദ്രഭരിക്കുന്നവരുടെയും കേരളം ഭരിക്കുന്നവരുടെയും ആളുകളാണ് ഈ കൊലപാതകങ്ങളുടെ പിന്നില്‍. കസ്റ്റഡി മരണം 9. മുഖ്യമന്ത്രിയുടെ നാട്ടുകാരനെപ്പോലും പോലീസ് മര്‍ദിച്ചു കൊന്നു. ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ അരങ്ങേറിയ മൂന്നാമത്തെ സംസ്ഥാനം എന്ന സ്ഥാനം കേരളത്തിനു ലഭിച്ചു. 2016ല്‍ 15 രാഷ്ട്രീയകൊലപാതകങ്ങളാണ് കേരത്തില്‍ അരങ്ങേറിയത്. 29 കൊലപാതകങ്ങളുമായി യുപി ഒന്നാമതും 26 എണ്ണവുമായി ബീഹാര്‍ രണ്ടാമതുമാണ്. 2017ല്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നു. കുറ്റകൃത്യനിരക്കില്‍ ഡല്‍ഹിക്കു താഴെ കേരളം രണ്ടാമതാണ്. മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ യുപി, എംപി, മഹാരാഷ്ട്ര എന്നീ വലിയ സംസ്ഥാനങ്ങള്‍ക്കുശേഷം കേരളം നാലാമതെത്തി.

സ്ത്രീകളോടുള്ള അതിക്രമത്തില്‍ മധ്യപ്രദേശിനുശേഷം കേരളം രണ്ടാമതാണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു എന്നതിന് ദേശീയ ക്രൈംറിക്കാര്‍ഡ് ബ്യൂറോയുടെ 2016ലെ ഈ കണക്കുകള്‍ സാക്ഷി. തെളിയിക്കപ്പെടാത്ത കേസുകള്‍ തെളിയുന്നു: ഷുഹൈബിന്റെ കൊലപാതകത്തിലെ കൊന്നവരെ പിടിച്ചെങ്കിലും കൊല്ലിച്ചവര്‍ ഇപ്പോഴും കാണാമറയത്താണ്. അതുകൊണ്ടു തന്നെ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ നഖശിഖാന്തം എതിര്‍ക്കുന്നു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്‌റളറഡി മരണക്കേസിലും സര്‍ക്കാര്‍ സിബിഐ അന്വേഷണം എതിര്‍ക്കുന്നു.

സിബിഐ അന്വേഷണം നടക്കുന്നതുകൊണ്ടു മാത്രമാണ് ചില പ്രമാദമായ കേസുകളില്‍ തുമ്പുണ്ടായത്. കണ്ണൂരില്‍ നാലു രാഷ്ട്രീയ കൊലക്കേസുകള്‍ ഇപ്പോള്‍ സിബിഐ അന്വേഷണത്തിലാണ്. സിപിഎം വിട്ട് എസ്ഡിപിഐയില്‍ ചേര്‍ന്നതിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഫസല്‍, സിപിഎം ജില്ലാ സെക്രട്ടറിയുടെ വാഹനത്തില്‍ കല്ലെറിഞ്ഞതിന്റെ പേരില്‍ കൊല്ലപ്പെട്ട അരിയില്‍ ഷുക്കൂര്‍, പി. ജയരാജനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കതിരൂര്‍ മനോജ് , ബിഎംഎസ് നേതാവ് പയ്യോളി മനോജ് എന്നീ കൊലപാതകക്കേസുകളില്‍ സിബിഐ അന്വേഷണം സിപിഎം നേതാക്കളിലേക്കും നീണ്ടു. കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്‍ 25-ാം പ്രതിയാണ്.

കേസില്‍ യുഎപിഎ ചുമത്തിയതിനെതിരേ ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അതു ശരിവച്ചിരിക്കുകയാണ്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ജയരാജന്‍ 32ഉം ടിവി രാജേഷ് 33 ഉം പ്രതികളാണ്. ഫസല്‍ വധക്കേസില്‍ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രതിസ്ഥാനത്തുണ്ട്. രാജന്‍ ജില്ലാ പഞ്ചായത്തിലും ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലും ജനവിധി തേടി അധ്യക്ഷന്മാരായി. 

എന്നാല്‍ എറണാകുളം വിടാന്‍ അനുവാദമില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും രാജിവയ്‌ക്കേണ്ടി വന്നു. ഈ കേസ് അന്വേഷണം സിപിഎം നേതാക്കളിലേക്കു നീണ്ടപ്പോള്‍, അന്വേഷണം നിര്‍ത്താന്‍ അന്നത്തെ ആഭന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ. രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പയ്യോളി മനോജ് വധക്കേസില്‍ പയ്യോളി ലോക്കല്‍ സെക്രട്ടറി പിവി രാമചന്ദ്രന്‍, മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ് തുടങ്ങിയവര്‍ ഉള്‍പ്പെടെ 9 പ്രതികള്‍ സിപിഎം കാരാണ്.

 

സ്ത്രീസുരക്ഷ

സ്ത്രീസുരക്ഷ: സ്ത്രീകള്‍ക്ക് ഏറ്റവുമധികം അരാജകത്വം അനുഭവപ്പെട്ട കാലം. അസ്വാശ്രയ കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി മരണമടഞ്ഞ ജിഷ്ണു പ്രണോയി എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ അമ്മ മഹിജയെ പോലീസ് നടുറോഡിലൂടെ വലിച്ചിഴച്ചു. കോഴിക്കോട് കോടഞ്ചേരിയില്‍ സിപിഎമ്മുകാരുടെ ചവിട്ടേറ്റ് ജോത്സനയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. കണ്ണൂര്‍ പയ്യന്നൂരില ദളിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖയ്ക്ക് സിപിഎമ്മുകാരില്‍ നിന്നു തുടര്‍ച്ചയായി നേരിടുന്ന പീഡനം കേട്ടാല്‍ തലമരച്ചുപോകും.

നിരന്തരമായ ഭീഷണി മൂലം അവര്‍ക്ക് സ്വന്തം സ്ഥലം വിട്ടോടേണ്ടി വന്ന അവര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ മറ്റൊരിടത്ത് വീടുവയ്ക്കാന്‍ നല്കിയ അഞ്ചു സെന്റ് സ്ഥലം പിണറായി സര്‍ക്കാര്‍ തിരിച്ചെടുക്കുകയാണ്. വിദേശവനിതയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അവരുടെ ബന്ധുക്കളെ സഹായിച്ച അശ്വതി ജ്വാലയെ പോലീസ് വേട്ടയാടുകയാണ്. കാഞ്ഞങ്ങാട് നെഹ്രു കോളജ് പ്രിന്‍സിപ്പല്‍ പുഷ്പജ ജോലിയില്‍ നിന്നു വിരമിച്ചപ്പോള്‍ എസ്എഫ് ഐക്കാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

 

വികസനവഴിയില്‍ നിശ്ചയദാര്‍ഢ്യം

ദേശീയപാത 45 മീറ്റര്‍. യുഡിഎഫ് അവസാനിപ്പിച്ചിടത്തുനിന്ന് കാര്യമൊയൊന്നും മുന്നോട്ടുപോയില്ല. എതിര്‍പ്പുമൂലം കണ്ണൂരും മലപ്പുറത്തും സ്ഥലമെടുപ്പ് വഴിമുട്ടി നില്ക്കുന്നു. കൊല്ലം, ആലപ്പുഴ, കഴക്കൂട്ടം ബൈപാസുകള്‍ പ്രത്യേക പദ്ധതിയായി യുഡിഎഫ് നടപ്പാക്കി. ഇതിന്റെ 50 ശതമാനം വിഹിതം സംസ്ഥാനമാണു നല്കുന്നത്. കോവളം- കാസര്‍ഗോഡ് ദേശീയജലപാത: സംസ്ഥാനത്തെ ഏക ദേശീയ ജലപാത യായ കൊല്ലം- കോട്ടപ്പുറം ഏതാണ്ട് പൂര്‍ത്തിയാക്കുന്ന സ്‌റ്റേജിലാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ചരക്കുഗതാഗതം ആരംഭിക്കാന്‍ ഉദ്യോഗമ 

ണ്ഡലിലും ചവറയിലും സ്ഥിരം ബര്‍ത്ത് നിര്‍മിക്കുന്നതിന് 150 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

ഗെയില്‍ പൈപ്പുലൈന്‍: രണ്ടായിരം കോടി രൂപ മുടക്കി കേരളത്തില്‍ പ്രകൃതിവാതക ശ്രൃംഖല സ്ഥാപിക്കാന്‍ കെഎസ്‌ഐഡിസിസും ഗെയില്‍ ഗ്യാസ് ലിമിറ്റഡും തമ്മില്‍ കരാറായത് യുഡിഎഫിന്റെ കാലത്ത്. 1150 കിമീ ദൈര്‍ഘ്യമുള്ള കൊച്ചി-ബാംഗ്ലൂര്‍, കൊച്ചി- മംഗലാപുരം പൈപ്പുലൈനും 100 കിമി നീളമുള്ള കൊച്ചി-കായംകുളം ലൈനുമാണ് കരാറായത്. അതിന്റെ തുടര്‍നടപടികളാണു നടന്നുവരുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഗെയില്‍വിരുദ്ധ സമരസമിതിയാണ് ഈ പദ്ധതിക്ക് ആദ്യം തടസമിട്ടത്.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം: റണ്‍വേയുടെ 90 ഉം ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ 55 ഉം ശതമാനം പണികള്‍ യുഡിഎഫ് തീര്‍ത്തു. പരീക്ഷണാടി സ്ഥാനത്തില്‍ വിമാനമിറങ്ങി. 2016 അവസാനം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സജ്ജമായിരുന്നു. അത് ഇത്രയും വൈകിയതെന്തുകൊണ്ട്എ ന്നാണ് ഇടതുസര്‍ക്കാര്‍ മറുപടി പറയേണ്ടത്.

 

സാമൂഹിക നീതി

ക്ഷേമപെന്‍ഷന്‍ തുക ഇരട്ടിയാക്കി: യുഡിഎഫ് സര്‍ക്കാര്‍ 800, 1100, 1200 സ്ലാബുകളിലായി ക്ഷേമപെന്‍ഷന്‍ നല്കിയിരുന്നത് അവസാന വര്‍ഷം ഏകീകരിച്ച് എല്ലാവര്‍ക്കും 1,000 രൂപയാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഇടതുസര്‍ക്കാര്‍ എല്ലാവര്‍ഷവും നൂറു രൂപ വീതം വര്‍ധിപ്പിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ആദ്യവര്‍ഷം 100 രൂപ മാത്രം കൂട്ടി. ഇപ്പോള്‍ 1100 രൂപ പെന്‍ഷന്‍. അതെങ്ങനെയാണ് ഇരട്ടിയാകുക? 

മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി, കിടപ്പുരോഗികളെ സംരക്ഷിക്കുന്ന ആശ്വാസകിരണം പദ്ധതി, കിഡ്‌നി, ലിവര്‍ പ്ലാന്റേഷന്‍നടത്തിയ രോഗികളെ സംരക്ഷിക്കുന്ന സമാശ്വാസം പദ്ധതി തുടങ്ങിയ ക്ഷേമപദ്ധതികളുടെയെല്ലാം തുക 2017 നവം മുതല്‍ ഒരു വര്‍ഷത്തിലേറെ കുടിശികയാണ്. പുതുതായി ആര്‍ക്കും സാമുഹിക ക്ഷേമ പെന്‍ഷന്‍ നല്‌കേണ്ടതില്ലെന്ന് 25.2.2017 സര്‍ക്കുലര്‍(460587/ 2017) പ്രകാരം നിര്‍ദേശിച്ചിരിക്കുകയാണ്. പെന്‍ഷന്‍ മുടങ്ങാതെ വീട്ടിലെത്തിക്കമെന്ന് അവകാശവാദം ഉന്നയിച്ചവര്‍ക്ക് യഥാസമയം അതു നല്കാന്‍പോലും ആകുന്നില്ല.

ദളിതര്‍ക്ക് ശാന്തിക്കാരായി നിയമനം: യുഡിഎഫ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. കോടതി സ്‌റ്റേ ചെയ്തതുകൊണ്ടാണ് അന്നു നടപ്പാക്കാന്‍ കഴിയാതെ പോയത്.

 

ആരവമില്ലാതെ ആശ്വാസം

ഓഖി ദുരന്തം കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം: ഓഖിയില്‍ മരണമഞ്ഞ വര്‍ എത്രെയന്ന് സര്‍ക്കാരിന്റെ പക്കല്‍ ഇനിയും കണക്കുകളില്ല. 52 പേര്‍ എന്ന് ഫിഷറീസ് വകുപ്പ്. 60 പേര്‍ എന്ന് ദുരന്തനിവാരണ അഥോറിറ്റി. ഇടതുസര്‍ക്കാരിന്റെ കഴിവുകേട് പുറത്തുകൊണ്ടുവന്ന സംഭവമാണ് ഓഖി ദുരന്തം.

55000 പട്ടയങ്ങള്‍ നല്‍കി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4 വര്‍ഷംകൊണ്ട് 1.79 ലക്ഷം പട്ടയങ്ങളാണു നല്കിയത്.

ഐടിയില്‍ വികസനം

2 വര്‍ഷം കൊണ്ട് 14 ലക്ഷം ചതുരുശ്രയടി കെട്ടിടം: ഇത് എവിടെ പണിതെന്നു പറയണം. പുതുതായി വന്ന 65 കമ്പനികളുടെ ലിസ്റ്റ് പുറത്തുവിടണം. സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ 20 ശതമാനം വര്‍ധന എല്ലാ വര്‍ഷവും ഉള്ള സ്വഭാവിക വളര്‍ച്ചമാത്രം. ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതം 1 ശതമാനംമാത്രം. ടോറസ് ഐടി കമ്പനിയുമായി യുഡിഎഫിന്റെ കാലത്തു തന്നെ കരാറായിരുന്നു. ടെക്‌നോപാര്‍ക്കില്‍ ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ എന്നതിന്റെയും വിശദാംശങ്ങള്‍ പുറത്തുവിടണം. നിലവില്‍ അവിടെ 60,000- 70,000 പേരാണ് ജോലിചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പില്‍ 2000 കോടിയുടെ നിക്ഷേപത്തിന്റെയും വിശദാംശം പുറത്തുവിടണം.

ടെക്‌നോസിറ്റി: യുഡിഎഫ് സ്ഥലം ഏറ്റെടുത്ത് ഏറെ മുന്നോട്ടുപോയ പദ്ധതി. ടിസിഎസിനു ഇവിടെ നിന്നു സ്ഥലം നല്കുക വരെ ചെയ്തിരുന്നു.

 

റിക്കാര്‍ഡ് നിയമനം

പിഎസ്‌സി 70000 നിയമനം, 13,000 പുതിയ തസ്തിക: യുഡിഎഫ് 5 വര്‍ഷംകൊണ്ട് 1.5 ലക്ഷം പേര്‍ക്ക് നിയമനം. 30,000 പുതിയ തസ്തിക. ഭിന്നശേഷിക്കാരായ3859 പേര്‍, അധ്യാപക പാക്കേജില്‍ 17,000 പേര്‍, കെഎസ്ആര്‍ടിസിയില്‍ 3688 എംപാനലുകാര്‍, ആശ്രിത നിയമനത്തില്‍ 900 പേര്‍ എന്നിവര്‍ക്കും നിയമനം ലഭിച്ചു.പശ്ചാത്തല വികസനത്തിന് കിഫ്ബി: 50,000 കോടി രൂപയുടെ പദ്ധതികളാണ്കിഫ്ബി വഴി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 22,000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്കിയെന്നു പറയുന്നു. എന്നാല്‍, കയ്യിലുള്ളത് 6000 കോടി മാത്രം. ബാക്കി 

44,000 കോടി പ്രവാസി ചിട്ടി വഴിയും മറ്റും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.

 

പ്രവാസി ചിട്ടി ഇതുവരെ യാഥാര്‍ത്ഥ്യമായില്ല.

കെഎസ്ആര്‍ടിസി പുനരുദ്ധരിക്കുന്നു: അഞ്ചുമാസത്തെ പെന്‍ഷന്‍ മുടങ്ങി. പത്തുപേര്‍ ആത്മഹത്യ ചെയ്തു. കൂത്താട്ടുകുളത്ത് വാളായിക്കുന്ന് തട്ടിന്‍പുറത്ത് മാധവന്റെ വിധവ തങ്കമ്മ ഇപ്രകാരം ആത്മഹത്യ ചെയ്ത ഹതഭാഗ്യയാണ്. പലവട്ടം ശമ്പളവും മുടങ്ങി. 1000 ബസ് വാങ്ങുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പായില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ മുടങ്ങിയിട്ടില്ല. രണ്ടു തവണ വൈകിയിട്ടുണ്ട്.

 

ആരോഗ്യകേരളത്തിന് ആര്‍ദ്രം

ആരോഗ്യരംഗം: 2017ല്‍ 110 പേരാണ് പകര്‍ച്ച പനിപിടിച്ചു മരിച്ചത്. 2011- 2016 കാലഘട്ടത്തില്‍ പനിമൂലം മരിച്ചത് 107 പേര്‍. 2017ല്‍ ഡെങ്കിപ്പനി 

മൂലം 37 പേരും മരിച്ചു. 2018ല്‍ അത് മാരകമായ നിപ പനിയില്‍ വരെ എത്തിനില്ക്കുന്നു. മാലിന്യസംസ്‌കരണത്തില്‍ ഒരു മാറ്റവും ഒരിടത്തും ഉണ്ടായിട്ടില്ല. 
നാട്ടിലും നഗരങ്ങളിലും പ്ലാസ്റ്റിക് കുമിഞ്ഞുകൂടുന്നു.

 

കൃഷിയില്‍ അഭിവൃദ്ധി

കര്‍ഷക പെന്‍ഷന്‍: യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയില്‍ 2018 ജനുവരി മുതലുള്ള പണം നല്കാനുണ്ട്. 2017 ഡിസം വരെയുള്ള പെന്‍ഷന്‍ അനുവദിച്ചത് 2018 മാര്‍ച്ച് 31നു മാത്രം. കര്‍ഷകര്‍ക്ക് 1100 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. 

കര്‍ഷക ആത്മഹത്യയില്ലാത്ത സംസ്ഥാനം: നാലു കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2017 സെപ്റ്റംബറില്‍ രണ്ടു പേര്‍, 2018 ജനുവരിയില്‍ ഒരാള്‍, മാര്‍ച്ചില്‍ മറ്റൊരു കര്‍ഷകന്‍. മാര്‍ച്ച് 11ന് ശിവദാസന്‍ എന്ന കര്‍ഷകനാണ് മാനന്തവാടിക്കടുത്തു തൂങ്ങിമരിച്ചത്.

നെല്‍കൃഷി വ്യാപിക്കുന്നു: 2016 ല്‍ 1.96 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി. 2017ല്‍ 1.71 ലക്ഷം ഹെക്ടര്‍ മാത്രമെന്ന് സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വെ. 
റബര്‍, കാപ്പി, തേയില, കുരുമുളക് തുടങ്ങിയ എല്ലാ കാര്‍ഷികോല്പന്നങ്ങളുടെയും വില ഇതുപോലെ ഒന്നിച്ചിടിഞ്ഞ ഒരു കാലഘട്ടമില്ല.

കേരളബാങ്ക്: റിസര്‍വ് ബാങ്കിന്റെ അനുമതി ഇതുവരെ ലഭിച്ചില്ല. കേരള ബാങ്കിന്23 നിബന്ധനകളാണ് നബാര്‍ഡ് മുന്നോട്ടുവച്ചിരിക്കുന്നത്. കോടതിയില്‍ കേസുകള്‍ നിലനില്ക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016-17ല്‍ 4459.64 കോടി രൂപ നഷ്ടം. മുന്‍ വര്‍ഷം 2568.01 രൂപ നഷ്ടം.അതായത് 1891. 63 കോടി രൂപ അധിക നഷ്ടം. അതു മറച്ചുവച്ചാണ് 104 കോടി രൂപ ലാഭമുണ്ടാക്കിയെന്നു ചെണ്ട കൊട്ടുന്നത്. 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരത്തേ ലാഭത്തിലായിരുന്നു. പുതുതായി മൂന്നു സ്ഥാപനങ്ങള്‍ കൂടി ലാഭത്തിലായി. അവയുടെ ലാഭം ഉയര്‍ത്തിക്കാട്ടിയാണ് ഭീമമായ നഷ്ടത്തിനു മറപിടിക്കുന്നത്.

കശുവണ്ടി മേഖല അഭിവൃദ്ധിയില്‍: സ്വകാര്യമേഖലയില്‍ 700 ഉം സര്‍ക്കാര്‍ മേഖലയില്‍ 40 ഉം ഫാക്ടറികളാണ് അടച്ചുപൂട്ടിയത്. കടം കയറി ഒരു ഫാക്ടറിഉടമ ആത്മഹത്യ ചെയ്തു. മൂന്ന് ഫാക്ടറി ഉടമകള്‍ ആത്മഹത്യക്കു ശ്രമിച്ചു. 91ഫാക്ടറികള്‍ക്ക് ജപ്തി നോട്ടീസ്. കാഷ്യു കോര്‍പറേഷന് പ്രതിമാസ നഷ്ടം 7.89കോടി. കാപ്പക്‌സിനു പ്രതിമാസ നഷ്ടം 3.69 കോടി രൂപ. 100 ദിവസം മാത്രമാണ് ഇപ്പോള്‍ കാഷ്യു തൊഴിലാളികള്‍ക്കു ജോലി ലഭിക്കുന്നത്. 
കയര്‍ വ്യവസായം വന്‍ തകര്‍ച്ച നേരിടുന്നു. ചകരിയില്ല, തൊഴിലാളികള്‍ക്കുകൂലിയില്ല, ഉല്പന്നത്തിനു വിലയുമില്ല.

 

ചെങ്ങന്നൂര്‍ സമ്പൂര്‍ണ സാമുഹ്യ സുരക്ഷാ മണ്ഡലം

2016 ജനുവരിയില്‍ ചെങ്ങന്നൂര്‍ എന്‍ജിനീയറിംഗ് കോളജ് ഗ്രൗണ്ടില്‍ നടന്നപരിപാടിയില്‍ സമ്പൂര്‍ണ സാമുഹ്യ സുരക്ഷ മണ്ഡലമായി ചെങ്ങന്നൂരിനെ പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി, 

കിടപ്പുരോഗികളെ സംരക്ഷിക്കുന്ന ആശ്വാസകിരണം പദ്ധതി, കിഡ്‌നി, ലിവര്‍ പ്ലാന്റേഷന്‍നടത്തിയ രോഗികളെ സംരക്ഷിക്കുന്ന സമാശ്വാസം പദ്ധതി തുടങ്ങിയ പദ്ധതികളില്‍ അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പദ്ധതിയില്‍ അംഗത്വവും പണവും നല്കി. ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മുച്ചക്രവാഹനം എന്നിവയും നല്കപ്പെട്ടു. എന്നാല്‍, ആലപ്പുഴ ജില്ലയില്‍ 2017 നവം മുതല്‍ 2018 ഫെബ്രു വരെ ആശ്വാസകിരണില്‍ 6868 പേര്‍ക്കും സ്‌നേഹപൂര്‍വം പദ്ധതിയില്‍ 1518 പേര്‍ക്കും കുടിശിക നല്കാനുണ്ട്.

 

പരസ്യത്തില്‍ പറയാതെ പോയത്

അഞ്ചുവര്‍ഷത്തേക്ക് കേരളത്തില്‍ വിലക്കയറ്റമില്ലെന്നു പ്രഖ്യാപിച്ചാണ് ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ അധികം വൈകാതെ തന്നെ . സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ്, സപ്‌ളൈകോ കടകളില്‍ വില അമ്പതുശതമാനത്തിലേറെ വര്‍ധിപ്പിച്ചു. ഇന്ന് അരിവില അമ്പതു രൂപ കടന്നു. എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചു കയറി. യുഡിഎഫ് സര്‍ക്കാര്‍ ബിപിഎല്‍- എഎവൈ വിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്കിയിരുന്ന അരിക്കും ഗോതമ്പിനും ഈ സര്‍ക്കാര്‍ ഒരു രൂപകൂട്ടി.

എപിഎല്ലുകാര്‍ക്ക് 10 കിലോ അരിവരെ നല്കിയിരുന്നത് രണ്ടു കിലോയാക്കി വെട്ടിക്കുറച്ചു. ആറുമാസമായി പഞ്ചസാര വിതരണം നടക്കുന്നില്ല. മണ്ണെണ്ണ വില ലിറ്ററിന് 16.80 രൂപയായിരുന്നത് ഇപ്പോല്‍ 23 രൂപ. പാവപ്പെട്ട ഒരു കുടുംബത്തിന് സൗജന്യമായി നല്കിയിരുന്ന 35 കിലോ അരി ഇപ്പോള്‍ ഒരംഗത്തിന് നാലുകിലോ എന്നാക്കി. റേഷന്‍ കടകളില്‍ സാധനങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. അങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലായ വൈക്കം താലൂക്കിലെ റേഷന്‍ കടക്കാരന്‍ രമണന്‍ ഈയിടെ ആത്മഹത്യചെയ്തു.

 

പെട്രോള്‍ ഡീസല്‍ വില വര്‍ധന

പെട്രോളിന് സംസ്ഥാനനികുതി 32.02 ശതമാനവും (19.31 രൂപ), ഡീസലിന് 25.58 ശതമാനവും (15.40 രൂപ) ആണ് നികുതി ഈടാക്കുന്നത്. ഇതിലൂടെ പ്രതിമാസം 700 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു വരുമാനം ലഭിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശരാശരി പ്രതിമാസ വരുമാനം 610 കോടി യായിരുന്നു 2018 ജനു 640 കോടിയും ഫെബ്രു 669 കോടിയും നികുതി വരുമാനം ലഭിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ 6 തവണയാണ് അധിക നികുതി വേണ്ടെന്നു വച്ചത്. പെട്രോളിന് 4 തവണയും ഡീസലിനു രണ്ടു തവണയും.പെട്രോളിന് 19.5.2011, 18.9.2011, 6.11.2011, 26.5.2012 എന്നീ തീയതികളില്‍ 375.75 കോടിയും ഡിസലിന് 29.6.2011, 16.9.2012 തീയതികളില്‍243.42 കോടിയും വേണ്ടെന്നു വച്ചു. ഇതിലൂടെ 619.17 കോടി രൂപയുടെ സമാശ്വാസം ജനങ്ങള്‍ക്കു നല്കി. -ഉമ്മന്‍ ചാണ്ടി പ്രസ്താവനയില്‍ അവകാശപ്പെടുന്നു.

Top