ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി പോരടിക്കുന്ന റിസര്‍വ് ബാങ്കിന് ഉപദേശവുമായി മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. സിദ്ദുവിനെപ്പോലെ ആക്രമണോത്സുകതയല്ല, ദ്രാവിഡിനെപ്പോലെ കരുതലാണ് ആര്‍ബിഐക്ക് ആവശ്യമെന്ന് രാജന് മുന്നറിയിപ്പു നല്കി.
നവജ്യോത് സിംഗ് സിദ്ദുവിന്േറതല്ല, രാഹുല്‍ ദ്രാവിഡിന്റെ കളി രീതിയാണ് ആര്‍ബിഐ സ്വീകരിക്കേണ്ടത്. രാഹുല്‍ ദ്രാവിഡിനെപ്പോലെ കാര്യബോധത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ബോര്‍ഡ് മാറണം. നവജ്യോത് സിദ്ദുവിനെപ്പോലെ ആക്രമണ ശൈലി സ്വീകരിക്കരുത്- രാജന് പറഞ്ഞു. കാറിന്റെ സീറ്റ് ബെല്‍റ്റ് പോലെയാണു കേന്ദ്ര ബാങ്കെന്നും ഇതില്ലാതെ ഓടിയാല്‍ വലിയ അപകടങ്ങള്‍ക്കു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കുമായുള്ള പ്രശ്നങ്ങള്‍ ഒട്ടും ആശാസ്യമല്ല. ഒരു ഗവര്‍ണറെയോ ഡപ്യൂട്ടി ഗവര്‍ണറെയോ നിയമിച്ചുകഴിഞ്ഞാല്‍ അവര്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും രാജന് കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 26 വെള്ളിയാഴ്ച ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ ഒരു പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ കൈകടത്തുന്നു എന്നാരോപിച്ചത് വലിയ വിവാദമായിരുന്നു. ഗവര്‍ണര്‍ ഡോ. ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കുമെന്ന അഭ്യുഹംവരെ പരന്നു. ഒടുവില്‍ ധനമന്ത്രാലയം പ്രസ്താവന ഇറക്കേണ്ടിവന്നു. റിസര്‍വ് ബാങ്കിനു നിയമാനുസൃതമുള്ള സ്വയംഭരണത്തെ മാനിക്കുന്നു എന്നായിരുന്നു പ്രസ്താവന.
മറ്റൊരു ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്. വിശ്വനാഥനും കഴിഞ്ഞ ദിവസം കേന്ദ്രത്തെ വിമര്‍ശിച്ചു രംഗത്തെത്തി. ബാങ്കില്‍നിന്നു വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരെ രക്ഷിക്കലല്ല ബാങ്കുകളുടെ ജോലി എന്നു വിശ്വനാഥന് തുറന്നടിച്ചു. ഒരു ദിവസമെങ്കിലും തിരിച്ചടവ് വൈകിയാല്‍ കുടിശികക്കാരനായി കണക്കാക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം പിന്‍വലിക്കണമെന്നു കേന്ദ്രം നിര്ബന്ധിക്കുന്നതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്.