രാജ്യത്തെ എല്ലാവിധ യാത്രകള്‍ക്കും ഉപയോഗിക്കാവുന്ന ഒറ്റക്കാര്‍ഡ് സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കന്നി ബജറ്റിലാണു 'നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡിനു' നിര്‍ദേശമുള്ളത്. യാത്രകളില്‍ നേരിടുന്ന സാമ്പത്തിക ഇടപാടിലെ അസൗകര്യങ്ങള്‍ ഇതിലൂടെ പരിഹരിക്കാമെന്നാണു കേന്ദ്രം കരുതുന്നത്.
ദേശീയ ഗതാഗത നയത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍സിഎംസി) രാജ്യത്തിലുടനീളം റോഡ്, റെയില്‍ യാത്രയ്‌ക്ക് ഉപയോഗിക്കാനാകും. മെട്രോ, ബസ്, സബര്‍ബന്‍ റെയില്‍വേ, ടോള്‍, പാര്‍ക്കിങ് എന്നീ ആവശ്യക്കൊപ്പം സ്‌മാര്‍ട്ട് സിറ്റികളിലും റീട്ടെയ്‌ല്‍ ഷോപ്പിങ്ങിനും പണമടയ്‌ക്കാന്‍ ഈ കാര്‍ഡ് മതിയാകും. പണം പിന്‍വലിക്കാനും സൗകര്യമുണ്ടാകും. ഇടപാടുകള്‍ക്കു കുറഞ്ഞ സര്‍വീസ് ചാര്‍ജേ ഈടാക്കൂ.
രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന കാര്‍ഡ് റൂപേ വഴിയാകും പ്രവര്‍ത്തിക്കുക. ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്‌ഡ് കാര്‍ഡ് ഫോര്‍മാറ്റില്‍ ബാങ്കുകളിലൂടെയാകും വിതരണം. എസ്‌ബിഐ ഉള്‍പ്പെടെ 25ലേറെ ബാങ്കുകളില്‍ കാര്‍ഡ് ലഭ്യമാക്കും. ഇതുപയോഗിച്ച് എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ 5 ശതമാനവും യാത്രയില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനവും കാഷ്‌ബാക്ക് ലഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.