വണ്‍ പ്ലസ് സ്മാര്‍ട്ട് ഫോണ്‍ കമ്ബനി എല്ലായ്‌പ്പോഴും ഒരേയൊരു മോഡല്‍ മാത്രമേ ഒരു സമയം വിപണിയില്‍ നിലനിര്‍ത്താറുള്ളൂ. ഇപ്പോള്‍ വണ്‍പ്ലസ് 6 വിപണിയില്‍നിന്ന് പിന്‍വലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ 6ടിയെ നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. നിലവിലുള്ള എല്ലാത്തരത്തിലുള്ള മികച്ച ഫീച്ചറുകളും കുത്തിനിറയ്ക്കുക എന്നത് വണ്‍പ്ലസ് കമ്ബനി ചെയ്യുന്ന സാധാരണ കാര്യങ്ങളില്‍ ഒന്നാണ്.
വണ്‍പ്ലസ് 6 എന്ന മോഡലില്‍നിന്നും പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ പരിഗണിച്ചാല്‍ ഏറ്റവും വ്യത്യസ്തമായത് ഡിസ്‌പ്ലേയില്‍ത്തന്നെയുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനറാണ്. വണ്‍പ്ലസിന്റെ സഹോദര കമ്ബനികള്‍ ഉള്‍പ്പെടെ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വേഗത തങ്ങളുടേതിനുതന്നെ എന്ന് വണ്‍ പ്ലസ് ഉറപ്പിക്കുന്നു. വണ്‍പ്ലസ് ഫോണുകള്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഫോണിന്റെ വേഗതയേക്കുറിച്ചും കാര്യക്ഷമതയേക്കുറിച്ചും ഏകദേശ ധാരണയുണ്ട്. ആ ധാരണ വണ്‍പ്ലസ് 6ടിക്ക് തിരുത്തില്ല എന്നുറപ്പ്.
ഒരു മഞ്ഞുതുള്ളിയുടെ മാത്രം വലിപ്പമുള്ള നോച്ച് ആണ് ഫോണിനുള്ളത്. അതില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന സെന്‍സറുകളും ക്യാമറയും അനുബന്ധ ഘടകങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എന്നാല്‍ നോട്ടിഫിക്കേഷന്‍ എല്‍ഇഡി ഈ നോച്ചിലില്ല. 6.41 ഇഞ്ച് വലിപ്പമുള്ള 19.5:9 റേഷ്യോ സ്‌ക്രീനാണ് ഫോണിനുള്ളത്. കാണാന്‍ അതീവ സുന്ദരമാണിത്. ഗ്ലാസ് ഫിനിഷുള്ള ബോഡിയുംകൂടിയാകുമ്ബോള്‍ ആ സൗന്ദര്യം പൂര്‍ണമാകുന്നു. ഡിസ്‌പ്ലേയുടെ സംരക്ഷണം ഗോറില്ല ഗ്ലാസ് 5ല്‍നിന്ന് 6ലേക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പുറത്തിറങ്ങിയ കാലം മുതലേ വണ്‍പ്ലസ് കയ്യില്‍ വയ്ക്കുന്ന ഒരു സല്‍പ്പേരാണ് ക്യാമറയുടെ പ്രകടനത്തേക്കുറിച്ചുള്ളത്. 6ടിയും ഇതിനൊരപവാദമാകില്ല. പുതുതായി ഉള്‍ക്കൊള്ളിച്ച നൈറ്റ്‌സ്‌കെയ്പ്പ് എന്ന ഫീച്ചര്‍ ഇരുട്ടില്‍ നഗ്ന നേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്ത വിശദാംശങ്ങള്‍ നിറപ്പകിട്ടോടെ പിടിച്ചെടുക്കും. 1.7 അപ്പേര്‍ച്ചറുള്ള രണ്ട് ക്യാമറകള്‍ ഇരുട്ടില്‍ അത്ഭുതം സൃഷ്ടിക്കും. 16മെഗാപിക്‌സലും 20 മെഗാപിക്‌സലുമുള്ള ഇരട്ട ക്യാമറകളാണ് പിന്നില്‍. 4കെ വീഡിയോ 60 ഫ്രെയിം പെര്‍ സെക്കന്റില്‍ പകര്‍ത്താനും ക്യാമറകള്‍ക്കാകും. മുന്നില്‍ 16 മെഗാപിക്‌സലുള്ള ക്യാമറ സെല്‍ഫികളെ മികച്ചതാക്കും.
പ്രോസസ്സര്‍ സ്‌നാപ്ഡ്രാഗണ്‍ 845ല്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല എടുത്ത് പരാമര്‍ശിക്കേണ്ട കാര്യവുമില്ല. റാമും 6 ജിബി, 8 ജിബി വേരിയന്റുകള്‍ തന്നെ. പുതിയ 3700 എംഎഎച്ച് ബാറ്ററി വണ്‍പ്ലസ് 6ല്‍നിന്നും 20% സമയം കൂടുതല്‍ തരും. സോഫ്റ്റ്‌വെയര്‍ പിന്തുണ പുറമെയും. ആന്‍ഡ്രോയ്ഡ് പൈയില്‍ അടിസ്ഥാനമാക്കിയ ഓക്‌സിജന്‍ ഒഎസ് ഫോണിന്റെ വേഗതയെ അങ്ങേയറ്റം പിന്തുണയ്ക്കും.
ഹെഡ്‌ഫോണ്‍ ജാക്ക് ഫോണിനില്ല എന്നതാണ് ശ്രദ്ധേയമായ മാറ്റം. ടൈപ്പ് സി സ്ലോട്ടിലേക്ക് ഹെഡ്‌ഫോണ്‍ ഘടിപ്പിക്കാനുള്ള ഒരു കണക്ടറും ലഭ്യമാണ്. ഇതുവരെ ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ലാതെയിറങ്ങുന്ന ഐഫോണുകളെ പുച്ഛിച്ചിരുന്ന വണ്‍പ്ലസിനാണ് മനംമാറ്റമുണ്ടായത്. 64 ജിബി ആന്തരിക സംഭരണ ശേഷിയുള്ള മോഡല്‍ അവതരിപ്പിച്ചിട്ടില്ല എന്നതും കമ്ബനിയുടെ മനോഭാവത്തിന്റെ പ്രതിഫലനമാണ്. വിലക്കുറവില്‍ മികച്ച ഫീച്ചറുകള്‍ തന്നിരുന്ന കമ്ബനി ഇപ്പോള്‍ വിലയിലുള്ള നിലപാടില്‍ കലര്‍പ്പുചേര്‍ത്തിരിക്കുന്നു എന്ന് അംഗീകരിക്കേണ്ടിവരും.
40,000 രൂപയാണ് 6ജിബി റാമും 128 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള ഫോണിന് ഡോളര്‍ കണക്കില്‍ നോക്കിയാല്‍ വില. എന്നാല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമ്ബോള്‍ അല്‍പം വിലക്കുറവ് പ്രതീക്ഷിക്കുന്നു.